ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം: സർക്കാർ ഉത്തരവു റദ്ദാക്കി കെഎടി

Mail This Article
കൊച്ചി ∙ പൊതു സ്ഥലംമാറ്റത്തിനുള്ള നടപടികൾ പൂർത്തിയാക്കും മുൻപു സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ സ്ഥലംമാറ്റിയ വിവാദ ഉത്തരവു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) കൊച്ചി ബെഞ്ച് റദ്ദാക്കി. 310 അധ്യാപകരെ സ്ഥലം മാറ്റി ഹയർ സെക്കൻഡറി ഡയറക്ടർ മാർച്ച് 11നാണ് ഉത്തരവിറക്കിയത്.
ഹയർ സെക്കൻഡറി അധ്യാപകരുടെ 2025-'26 വർഷത്തേക്കുള്ള പൊതു സ്ഥലംമാറ്റ നടപടികൾ ആരംഭിക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീം, പി.കെ. കേശവൻ എന്നിവരുൾപ്പെട്ട ട്രൈബ്യൂണൽ ഉത്തരവിട്ടു.
വിദ്യാർഥികളുടെ കുറവിനെ തുടർന്ന് അധികമായ അധ്യാപകരും ഇവരെ ഉൾക്കൊള്ളിക്കാൻ വിദൂര ജില്ലകളിലേക്കു നിർബന്ധിതമായി സ്ഥലം മാറ്റപ്പെട്ട മറ്റു നൂറ് അധ്യാപകരും സമർപ്പിച്ച കൂട്ടഹർജികൾ ഒരുമിച്ചു പരിഗണിച്ചാണു കെഎടിയുടെ ഉത്തരവ്. വാർഷികപ്പരീക്ഷയുടെ ഇടയിലിറങ്ങിയ ഡയറക്ടറുടെ ഉത്തരവു വിവാദമായി. പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുന്നതിനു തൊട്ടുമുൻപ് ഇറക്കിയ ഈ സ്ഥലംമാറ്റ ഉത്തരവ് അനുചിതമായെന്നും കെഎടി വിലയിരുത്തി.
കഴിഞ്ഞ വർഷത്തെ തസ്തിക നിർണയ വിഷയങ്ങൾ മാറ്റിവച്ച് ഹർജിക്കാർക്കും അവസരം നൽകുന്നവിധം പൊതു സ്ഥലംമാറ്റത്തിനു നടപടി തുടങ്ങാനാണു കെഎടിയുടെ നിർദേശം. കേന്ദ്രീകൃത ഒഴിവു നിർണയത്തിലൂടെ വേണം ഇനി സ്ഥലംമാറ്റം.
പൊതു സ്ഥലംമാറ്റത്തിനു സാങ്കേതിക സഹായം നൽകാൻ മാത്രം ചുമതലപ്പെടുത്തിയ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) അതിൽകവിഞ്ഞ അധികാരപ്രയോഗം അധ്യാപകർക്കെതിരെ നടത്തിയതായും കെഎടി കടുത്തഭാഷയിൽ വിമർശിച്ചു. സാങ്കേതിക സഹായത്തിനു നിയോഗിക്കപ്പെട്ട കൈറ്റ് സിഇഒ സ്ഥലംമാറ്റത്തിൽ നേരിട്ട് ഇടപെട്ട് സർക്കുലറുകൾ ഇറക്കി.
സ്ഥലംമാറ്റി നിയമിച്ചവരെ പൊതുസ്ഥലംമാറ്റത്തിനു പരിഗണിക്കില്ലെന്നുവരെ സിഇഒ ട്രൈബ്യൂണൽ മുൻപാകെ പറഞ്ഞത് അമിതാധികാര പ്രയോഗമാണെന്നും ബന്ധപ്പെട്ട അധികാരികൾ ഇതു ഗൗരവത്തിലെടുത്തു നടപടിയെടുക്കണമെന്നും ബെഞ്ച് നിർദേശിച്ചു. ട്രൈബ്യൂണൽ ഉത്തരവു ചീഫ് സെക്രട്ടറിക്കും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും കൈമാറും.
അധ്യാപകരെ സ്ഥലംമാറ്റിയതു സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ അനുയോജ്യമായിടത്തേക്കു സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയവരെ ബാധിക്കുമെന്നു ഹർജിക്കാർ വാദിച്ചു.