ആശാ ഹെൽത്ത് വർക്കർമാരുടെ സമരയാത്രയ്ക്ക് തുടക്കം

Mail This Article
കാസർകോട് ∙ കത്തുന്ന വെയിലും വേനൽച്ചൂടും അതിജീവിച്ച് 85 ദിവസമായി ആശാ വർക്കർമാർ തിരുവനന്തപുരത്തു നടത്തുന്ന സമരത്തിന് പുതിയ വഴിതുറന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രാപകൽ സമരയാത്രയ്ക്ക് കാസർകോട്ടു തുടക്കം. തിരുവനന്തപുരത്തു സമരം നടത്തുന്ന എഴുപതോളം ആശാ പ്രവർത്തകർ ഉൾപ്പെടെ പങ്കെടുക്കുന്ന യാത്ര നയിക്കുന്നത് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദുവാണ്.
കാസർകോട്ട് പുതിയ ബസ് സ്റ്റാൻഡിൽ എൻ.എ.നെല്ലിക്കുന്ന് എംഎൽഎ യാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ സ്വാഗതസംഘം ചെയർമാൻ വി.കെ.രവീന്ദ്രൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ എന്നിവർ ചേർന്ന് എം.എ.ബിന്ദുവിന് പതാക കൈമാറി.
ആശാ വർക്കർമാരുടെ ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, പെൻഷൻ ഏർപ്പെടുത്തുക, ഓണറേറിയത്തിന് ബാധകമാക്കിയ മുഴുവൻ മാനദണ്ഡങ്ങളും പിൻവലിക്കുക, എല്ലാ മാസവും 5നകം ഓണറേറിയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഫെബ്രുവരി 10നാണ് ആശാ വർക്കർമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. ആവശ്യങ്ങൾ സർക്കാർ അനുവദിക്കാത്ത സാഹചര്യത്തിലാണ് സമരയാത്ര തുടങ്ങിയത്.
യാത്രയിലെ അംഗങ്ങൾ അതത് ദിവസത്തെ പരിപാടികൾക്കു ശേഷം തെരുവിൽ തന്നെയാണ് അന്തിയുറങ്ങുന്നത്. ഇന്നലെ കാഞ്ഞങ്ങാട്ടെ തെരുവോരത്തായിരുന്നു സമരക്കാരുടെ രാത്രിയുറക്കം. തിരുവനന്തപുരത്ത് ജൂൺ 17ന് മഹാറാലിയോടെ യാത്ര സമാപിക്കും. സംസ്ഥാന സർക്കാരിന് ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കാൻ താൽപര്യമുണ്ടെങ്കിൽ ആശാ വർക്കർമാരെയാണ് ആദ്യം സഹായിക്കേണ്ടതെന്ന് യാത്ര ഉദ്ഘാടനം ചെയ്ത എൻ.എ.നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.