ADVERTISEMENT

കോട്ടയം ∙ ഓട്ടോറിക്ഷയിൽ കുതിക്കാൻ കേരള കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നു സംസ്ഥാന പാർട്ടി പദവി ലഭിച്ചതോടെയാണ് ഔദ്യോഗിക ചിഹ്നവും പാർട്ടിക്ക് അനുവദിച്ചത്. ഈ വർഷം തദ്ദേശസ്ഥാപനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെല്ലാം ഒറ്റ ചിഹ്നത്തിൽ മത്സരിക്കാൻ സാധിക്കുമെന്നതു പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നു.

പാർട്ടി പിളർപ്പിനു ശേഷം വന്ന 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിഹ്നമില്ലാതിരുന്നതു പി.ജെ.ജോസഫ് നയിച്ച കേരള കോൺഗ്രസിനെ വലച്ചിരുന്നു. പാർട്ടി സ്ഥാനാർഥികൾ ചിഹ്നങ്ങളുടെ പൊതുപൂളിൽ നിന്നുള്ള ചെണ്ടയാണു ചിഹ്നമായി ഉപയോഗിച്ചത്. ചില സ്ഥാനാർഥികൾ ഈ ചിഹ്നം ഉപയോഗിച്ചതു‌മില്ല. പാർട്ടി സ്ഥാനാർഥിയായി ജയിച്ച് പഞ്ചായത്തംഗമായ ചിലർ കൂറുമാറ്റം നടത്തിയപ്പോൾ നടപടികൾ സ്വീകരിക്കുന്നതിനും ചിഹ്ന പ്രശ്നം തടസ്സമുണ്ടാക്കി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചിഹ്നമില്ലായ്മ കേരള കോൺഗ്രസിനു തുടക്കത്തിൽ തലവേദനയായിരുന്നു. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന് ആദ്യ ഘട്ടത്തിൽ ചിഹ്നമില്ലാതെ ചുവരെഴുത്തും പോസ്റ്റർ പ്രചാരണവും നടത്തേണ്ടി വന്നു. ചിഹ്നത്തിനുള്ള സ്ഥലം ഒഴിച്ചിട്ടാണു പോസ്റ്ററുകൾ ആദ്യം അച്ചടിച്ചത്. സ്വതന്ത്ര സ്ഥാനാർഥികൾക്ക് ഉപയോഗിക്കാവുന്ന ഓട്ടോറിക്ഷ ചിഹ്നം പിന്നീടു തിരഞ്ഞെടുത്ത് ഒഴിച്ചിട്ട സ്ഥലങ്ങളിൽ പൂരിപ്പിക്കുകയായിരുന്നു. ഫ്രാൻസിസ് ജോർജ് വിജയിച്ചപ്പോൾത്തന്നെ ഇത് ഔദ്യോഗിക ചിഹ്നമാക്കുമെന്നു പാർട്ടി നേതൃത്വം പ്രഖ്യാപിച്ചിരുന്നു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ

∙ ആന (1979–1985)

∙ കുതിര (1987–1991)

∙ സൈക്കിൾ (1996–2009)

∙ ഓട്ടോറിക്ഷ (2025)

ഓട്ടോറിക്ഷ എന്ന ചിഹ്നം അങ്ങോട്ട് ആവശ്യപ്പെട്ടതാണ്. ജനങ്ങൾക്കു പരിചിതവും ഒട്ടേറെപ്പേർ ഉപയോഗിക്കുന്നതുമായ വാഹനമാണല്ലോ. പ്രചരിപ്പിക്കാൻ എളുപ്പമുള്ള ചിഹ്നം ലഭിച്ചതിൽ സന്തോഷമുണ്ട്.

സാധാരണക്കാരന്റെ യാത്രാവാഹനം ചിഹ്നമായി ലഭിച്ചതോടെ രാഷ്ട്രീയ മുന്നേറ്റത്തിനും പാർട്ടിയുടെ ജനകീയ അടിത്തറ വിപുലീകരിക്കാനും വലിയ അവസരമാണു ലഭിച്ചിരിക്കുന്നത്.

English Summary:

Local Body Elections: Kerala Congress Secures Auto-rickshaw as Official Election Symbol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com