മേധാവിയില്ലാതെ ധനവകുപ്പ്; ജയതിലകിന് പകരം ആളെ നിയമിക്കാതെ സർക്കാർ

Mail This Article
തിരുവനന്തപുരം∙ ധനസെക്രട്ടറിയെ ചീഫ് സെക്രട്ടറിയാക്കിയെങ്കിലും ധനവകുപ്പിന്റെ തലപ്പത്ത് പകരം ആളെ നിയമിക്കാതെ സർക്കാർ. കഴിഞ്ഞ 5 ദിവസമായി ധനവകുപ്പിനു മേധാവിയില്ല. ഡോ.എ.ജയതിലകായിരുന്നു ധനവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി. അദ്ദേഹം കഴിഞ്ഞ 30ന് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. എറ്റവും സീനിയറായ അഡിഷനൽ ചീഫ് സെക്രട്ടറിയെയാണ് പൊതുവേ ധനസെക്രട്ടറിയായി നിയമിക്കുക. ബിശ്വനാഥ് സിൻഹ, കെ.ആർ.ജ്യോതിലാൽ, പുനിത് കുമാർ, ദേവേന്ദ്ര കുമാർ ധൊദാവത്, രാജൻ ഖോബ്രഗഡെ എന്നിവരാണ് ഇപ്പോൾ അഡിഷനൽ ചീഫ് സെക്രട്ടറി റാങ്കിലുള്ളവർ.
ഇതിൽ ധൊദാവത് ഗവർണറുടെ അഡീഷനൽ ചീഫ് സെക്രട്ടറിയാണ്. ബാക്കിയുള്ളവരിൽ ഒരാളെ ധനവകുപ്പിന്റെ തലപ്പത്ത് നിയമിക്കാനാണു സാധ്യത.സർക്കാർ അവസാന വർഷത്തിലേക്കു കടക്കുന്നതിനാൽ ഒട്ടേറെ ജനാഭിലാഷ പദ്ധതികളും സ്കീമുകളും സഹായങ്ങളും പ്രഖ്യാപിക്കേണ്ടി വരും. ഇതിനു പണം കണ്ടെത്തുക എന്ന വെല്ലുവിളിയാണ് ധനസെക്രട്ടറിക്കു മുന്നിലുള്ളത്. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ടിങ്കു ബിസ്വാളിനെയും പരിഗണിക്കുന്നുണ്ട്. നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനം എടുക്കുമെന്നാണു സൂചന.