കെഎസ്ആർടിസി: സ്ഥിരം ജീവനക്കാർക്ക് പുതിയ ഇൻഷുറൻസ് പദ്ധതി

Mail This Article
തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചു. കെഎസ്ആർടിസിയും എസ്ബിഐയും ചേർന്നാണ് നടപ്പാക്കുന്നത്. അപകടത്തിൽ കെഎസ്ആർടിസി സ്ഥിരം ജീവനക്കാർ മരിച്ചാലോ ജോലിക്കു പോകാനാകാത്ത വിധം സ്ഥിരം കിടപ്പുരോഗിയായാലോ ഒരു കോടി രൂപ കുടുംബത്തിന് ലഭിക്കും. അപകടത്തിൽ ഗുരുതരമായ വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപയും ലഭിക്കുന്നതാണ് പദ്ധതി. പദ്ധതി വിഹിതം കെഎസ്ആർടിസിയാണ് മുടക്കുന്നത്. ജീവനക്കാർ വിഹിതം നൽകേണ്ടതില്ല. 25,095 ജീവനക്കാർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ ചികിത്സാ ഇൻഷുറൻസ് പദ്ധതിയുമുണ്ട്. ഒരു കോടി രൂപയുടെ ക്ലെയിമിന് അർഹരായവരുടെ കുടുംബങ്ങൾക്ക് മറ്റു ചില ആനുകൂല്യങ്ങളിലും പദ്ധതിയിലുണ്ട്. പ്ലാസ്റ്റിക് സർജറിക്ക് 10 ലക്ഷം രൂപ വരെ, ചികിത്സയ്ക്കായി മരുന്നുകൾ വിദേശത്തു നിന്നു വരുത്തുന്നതിന് 5 ലക്ഷം വരെ, എയർ ആബുംലൻസിന് 10 ലക്ഷം വരെ. വിദ്യാഭ്യാസ സഹായമായി ഒരു കുട്ടിക്ക് 10 ലക്ഷം വരെയും ലഭിക്കും. പെൺമക്കളുടെ വിവാഹത്തിന് 10 ലക്ഷം വരെ ലഭിക്കും (ഒരു മകൾക്ക് പരമാവധി 5 ലക്ഷം വരെ). അപകടത്തിനു ശേഷമുള്ള കുടുംബത്തിന്റെ യാത്രച്ചെലവ് 50,000 രൂപ, മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 50,000 രൂപ, ആംബുലൻസ് ചെലവ് 50,000 രൂപ എന്നിങ്ങനെ നൽകും. ജീവനക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം ചികിത്സച്ചെലവിന് സൂപ്പർ ടോപ് അപ് ഇൻഷുറൻസും നിർദേശിക്കുന്നുണ്ട്. രണ്ട് ലക്ഷം മുതൽ 15 ലക്ഷം വരെ ലഭിക്കും.
ആന്റണി രാജുവിന് മറുപടി
ശമ്പളത്തിനായി 100 കോടി ഓവർഡ്രാഫ്റ്റ് എടുക്കുന്നത് വൻ ബാധ്യതയെന്ന ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്കും മന്ത്രി കെബി.ഗണേഷ് കുമാർ മറുപടി നൽകി. താൻ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ലെന്നും ഒന്നാം തീയതി ശമ്പളം നൽകണമെന്നത് മുഖ്യമന്ത്രി ആവശ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടപടി. തനിക്ക് ക്രെഡിറ്റ് വേണ്ടെന്നും മന്ത്രി പറഞ്ഞു.