കളിച്ചും ചിരിച്ചും കുട്ടികൾ മനോരമ അങ്കണത്തിൽ

Mail This Article
കോട്ടയം ∙ കുട്ടികൾക്കു കളിയും ചിരിയും അറിവും പകർന്ന് ‘ഹോർത്തൂസ് മലയാളം പാഠശാല’ അവധിക്കാല ക്യാംപ് തുടങ്ങി. മലയാള മനോരമയും നൈപുണ്യവികസന കേന്ദ്രമായ കൊച്ചി ഐഎസ്എസ്ഡിയും ചേർന്നു സംഘടിപ്പിക്കുന്ന ക്യാംപ് മനോരമ അങ്കണത്തിലാണ്. ശനിയാഴ്ച വരെ ദിവസവും രാവിലെ 9 മുതൽ 1.30 വരെയാണു ക്യാംപ്. ചലച്ചിത്രതാരവും സംവിധായകനുമായ ജോണി ആന്റണി ഇന്നു രാവിലെ 9.30നു ക്യാംപിലെത്തും. കുട്ടികളുമായി സംവദിക്കുന്നതിനൊപ്പം ക്യാംപിന്റെ ഉദ്ഘാടനവും നിർവഹിക്കും. സംവിധായകൻ ജയരാജ്, കോട്ടയം ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ്, കഥാകൃത്ത് ജി.ആർ.ഇന്ദുഗോപൻ എന്നിവർ ഇന്നു ക്ലാസുകൾ നയിക്കും.

ഒരു മീൻകറിയുടെ രുചി സ്വന്തം ജീവിതത്തിൽ വഴിത്തിരിവായ അനുഭവം വിവരിച്ചുകൊണ്ടാണു ഷെഫ് സുരേഷ് പിള്ള കുട്ടികളുമായി അനുഭവങ്ങൾ പങ്കുവച്ചത്. ബിബിസിയുടെ മാസ്റ്റർ ഷെഫ് മത്സരത്തിൽ ലൈവായി പങ്കെടുത്ത് മാങ്ങയിട്ട മീൻകറി പാചകം ചെയ്ത് ‘മിഷെലിൻ നക്ഷത്രം’ പദവി നേടിയ കഥയാണു ഷെഫ് പിള്ള കുട്ടികളോടു പറഞ്ഞത്. നമ്മൾ വളർന്ന ചുറ്റുപാടിൽനിന്നു കഴിച്ചു ശീലിച്ചതാകാം ഓരോരുത്തരുടെയും ഇഷ്ടവിഭവം. അതുമാത്രമല്ല, വിവിധ രാജ്യങ്ങളിലും സ്ഥലങ്ങളിലും സ്വാദിഷ്ടമായ വിഭവങ്ങൾ വേറെയുമുണ്ടെന്നു മനസ്സിലാക്കണം. അവയും രുചിക്കണം. സ്വപ്നങ്ങൾ കാണണം, അവയിലേക്ക് എത്തിച്ചേരാൻ തീവ്രമായി പരിശ്രമിക്കണം’ – അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.
തീൻമേശയിൽ പാലിക്കേണ്ട മര്യാദകളും വിവിധ രാജ്യങ്ങളിലെ ഭക്ഷണരീതികളും ഷെഫ് പിള്ള കുട്ടികൾക്കു പരിചയപ്പെടുത്തി. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിയായ സുരേഷ് പിള്ള ഇന്നു ബ്രിട്ടിഷ് പൗരനും ലോകമറിയുന്ന ഷെഫുമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള ‘റസ്റ്ററന്റ് ഷെഫ് പിള്ള’ എന്ന റസ്റ്ററന്റ് ശൃംഖലയുടെ ഉടമയാണ്.മലയാളഭാഷയെക്കുറിച്ചു മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റർ പി.ജെ.ജോഷ്വ ക്ലാസെടുത്തു. പുതിയ അറിവുകൾ നേടാനും അതു ജീവിതത്തിൽ പ്രാവർത്തികമാക്കാനും പത്രവായന അത്യാവശ്യമാണെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു മോഡറേറ്ററായി. സേതു പാർവതിയാണു ക്യാംപ് ഡയറക്ടർ.