സിൽവർലൈൻ: റെയിൽവേ ഭൂമി ഒഴിവാക്കി അലൈൻമെന്റ് മാറ്റാമെന്ന് കെ റെയിൽ

Mail This Article
തിരുവനന്തപുരം ∙ സിൽവർലൈൻ നടപ്പാക്കുമ്പോൾ റെയിൽവേയുടെ ഭൂമി നഷ്ടപ്പെടുമെന്നാണു ദക്ഷിണ റെയിൽവേയുടെ ആശങ്കയെങ്കിൽ, റെയിൽവേ ഭൂമി പൂർണമായി ഒഴിവാക്കി അലൈൻമെന്റ് പരിഷ്കരിക്കാമെന്നു കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ. ഡിപിആർ പരിഷ്കരിക്കണമെന്ന റെയിൽവേയുടെ നിർദേശത്തിനു മറുപടിയായി നൽകിയ കത്തിലാണു കെ റെയിൽ നിലപാട് വ്യക്തമാക്കിയത്. തൃശൂർ മുതൽ വടക്കോട്ടാണു റെയിൽവേ ഭൂമി ഉപയോഗിക്കേണ്ടിവരുന്നത്.
ഈ സാഹചര്യത്തിൽ, തൃശൂർ മുതലുള്ള അലൈൻമെന്റിൽ മാറ്റം വരുത്താമെന്നാണു കെ റെയിൽ അറിയിച്ചത്. അനുമതി ലഭിക്കുമെങ്കിൽ, ആദ്യഘട്ടം തൃശൂർ വരെയാക്കിയുള്ള നിർമാണത്തിനും കേരളം വഴങ്ങുമെന്നാണു സൂചന.
പദ്ധതിക്ക് 3125 കോടിയാണ് റെയിൽവേയുടെ വിഹിതം. റെയിൽവേയുടെ 185 ഹെക്ടർ സ്ഥലം പദ്ധതിക്ക് വേണ്ടിവരുന്നതിനാൽ ആ ഇനത്തിൽ 975 കോടി രൂപ കണക്കാക്കിയിട്ടുണ്ട്. ശേഷിച്ച 2150 കോടി റെയിൽവേ നൽകണം. തിരുവനന്തപുരം മുതൽ മംഗളൂരു വരെ മൂന്നും നാലും ലൈനുകൾ റെയിൽവേ നിർമിച്ചാൽ അതിന്റെ തുക കേന്ദ്രം ചെലവിടേണ്ടിവരുമെന്നും, സിൽവർലൈൻ പദ്ധതിയാണെങ്കിൽ കേന്ദ്രസർക്കാരിനു ചെലവു കുറവാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പിപിപി മാതൃകയിലൂടെ സംസ്ഥാന സർക്കാർ ഫണ്ട് കണ്ടെത്തുന്ന പദ്ധതിക്കു കേന്ദ്രസർക്കാർ മുടക്കേണ്ടിവരിക ചെറിയ തുക മാത്രമാണെന്നാണു കെ റെയിലിന്റെ വാദം.
പിപിപി മാതൃകയെന്ന് ആദ്യമായാണു കെ റെയിൽ പരാമർശിക്കുന്നതെന്നതാണു ശ്രദ്ധേയം. പിപിപി മാതൃകകളിൽ, ഏറ്റെടുക്കേണ്ട മൊത്തം ഭൂമിയുടെ 70 ശതമാനമെങ്കിലും ആദ്യംതന്നെ ഏറ്റെടുത്തു കൈമാറണമെന്നാണു വ്യവസ്ഥ. സർക്കാർ പദ്ധതികളിലേതുപോലെ ഏകപക്ഷീയമായി ഭൂമിയേറ്റെടുക്കലും നടക്കില്ല. എന്നാൽ ഇതു വിഴിഞ്ഞം പോലെയുള്ള പിപിപി മാതൃകയല്ലെന്നും സ്വകാര്യ ഓഹരി കൂടി സ്വീകരിക്കുന്നതുകൊണ്ടാണ് പിപിപി എന്നു വിശേഷിപ്പിക്കുന്നതെന്നും കെ റെയിൽ എംഡി വി.അജിത്കുമാർ വിശദീകരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) മാതൃകയിലുള്ള പിപിപി ആണു സിൽവർലൈനിന്റേതെന്നും അദ്ദേഹം പറഞ്ഞു.