രാജയുടെ ജാതി സർട്ടിഫിക്കറ്റ് തീർപ്പ് പറയുന്നില്ലെന്ന് സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി ∙ പട്ടികജാതി സംവരണ സീറ്റായ ദേവികുളത്തു മത്സരിക്കാൻ രാജയ്ക്കു യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു 2023 മാർച്ചിൽ രാജയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയത്. അതേസമയം, രാജയുടെ ജാതി സർട്ടിഫിക്കറ്റ് സാധുവാണോ അല്ലയോ എന്നതിൽ തീർപ്പു പറയുന്നില്ലെന്നും കോടതി വിശദീകരിച്ചു. ഇക്കാര്യത്തിൽ വ്യക്തത ആവശ്യമെങ്കിൽ ഉചിതമായ നിയമപരിഹാരം തേടാമെന്നും വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്നും ബെഞ്ച് പറഞ്ഞു. രാജയുടെ ജാതി സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ എന്തുകൊണ്ടു ചോദ്യം ചെയ്യപ്പെട്ടില്ലെന്നു വാദത്തിനിടെ, ബെഞ്ച് ചോദിച്ചിരുന്നു. ജാതി സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കാതെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ജഡ്ജിമാരായ അഭയ് എസ്. ഓക്, എ. അമാനുല്ല, എ.ജി. മസി എന്നിവരുടെ ബെഞ്ച് വിമർശിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ രാജ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സംസ്ഥാനത്തെ പട്ടികവിഭാഗത്തിൽപെട്ടയാൾക്കു മാത്രമേ സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയുള്ളൂവെന്ന ജനപ്രാതിനിധ്യനിയമത്തിലെ 5–ാം വകുപ്പ് ലംഘിച്ചാണ് രാജയുടെ സ്ഥാനാർഥിത്വമെന്നായിരുന്നു കുമാറിന്റെ വാദം. ഹിന്ദു പറയ സമുദായംഗമാണെന്നും ക്രിസ്ത്യാനിയായി മതം മാറിയിട്ടില്ലെന്നുമുള്ള രാജയുടെ വാദം അംഗീകരിച്ചാണു വിധി. രാജയുടെ പിതാവിന്റെ മാതാപിതാക്കൾ തമിഴ്നാട്ടിലെ ഹിന്ദു പറയ വിഭാഗക്കാരായിരുന്നുവെന്നും തിരുനെൽവേലിയിൽനിന്ന് 1951 ൽ കേരളത്തിലേക്ക് കുടിയേറിയെന്നും പിന്നീടു രാജയുടെ മാതാപിതാക്കൾ ക്രിസ്തുമതം സ്വീകരിച്ചുവെന്നുമായിരുന്നു തിരഞ്ഞെടുപ്പു ഹർജിയിലെ വാദം. രാജ ക്രിസ്തുമതാചാരപ്രകാരമാണു വിവാഹം ചെയ്തതെന്ന വാദവും ഹർജിയിലുണ്ടായിരുന്നു. രാജ ക്രിസ്തുമതം സ്വീകരിച്ചെന്നു തെളിയിക്കാൻ പള്ളിയിലെ ചില രേഖകൾ എതിർകക്ഷി ഹാജരാക്കിയെങ്കിലും വിവരങ്ങളിൽ അവ്യക്തതയുണ്ടെന്നു ബെഞ്ച് പറഞ്ഞു.
‘ജാതി സർട്ടിഫിക്കറ്റ് ചോദ്യം ചെയ്യേണ്ടത് ഇങ്ങനെയല്ല’
ബന്ധപ്പെട്ട അതോറിറ്റി നൽകിയ ജാതി സർട്ടിഫിക്കറ്റ് ചോദ്യം ചെയ്യേണ്ടത് തിരഞ്ഞെടുപ്പ് ഹർജിയിലൂടെ അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജാതി സർട്ടിഫിക്കറ്റ് സാധുത ചോദ്യം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന നിയമ പ്രകാരമേ ഇതു സാധ്യമാകു. സംസ്ഥാനത്ത് അത്തരമൊരു നിയമമില്ലെങ്കിൽ മാധുരി പാട്ടീൽ കേസിലെ മാർഗരേഖയാണു പിന്തുടരേണ്ടതെന്നും വ്യക്തമാക്കി.
‘മതാചാര ചിത്രം മതവിശ്വാസത്തിന് തെളിവല്ല’
ഏതെങ്കിലും ആചാരം നടത്തുന്നതിന്റെ ചിത്രങ്ങളെ മതവിശ്വാസവും ജാതിയും സ്ഥിരീകരിക്കുന്നതിനുള്ള തെളിവായി പരിഗണിക്കാനാകില്ലെന്നു സുപ്രീം കോടതി പറഞ്ഞു. മതാചാരപ്രകാരം വിവാഹകർമം നടത്തിയതു കൊണ്ട് അയാൾ ആ മതം പിന്തുടരുന്നുവെന്നു പറയാനാകില്ല. സംസ്ഥാന അതോറിറ്റികൾ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് പാർലമെന്റിലെയോ നിയമസഭയിലെയോ നാമനിർദേശ പത്രികയ്ക്കൊപ്പം നൽകാനാകുമെന്നും കോടതി വ്യക്തമാക്കി. രാജയുടെ ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പു ഹർജിയിൽ ഉന്നയിക്കപ്പെട്ടില്ലെന്നും ഹിന്ദു പറയ സമുദായംഗമായിത്തന്നെയാണ് രാജ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. രാജയുടെ മക്കളുടെ സ്കൂൾ രേഖയിലുള്ളത് ഹിന്ദു പറയ സമുദായംഗമെന്നാണ്. ആരോപണങ്ങൾ തെളിയിക്കാനുള്ള ബാധ്യത എ.രാജയുടേതായി പരിഗണിച്ച ഹൈക്കോടതിക്കു പിഴവു പറ്റിയെന്നും കോടതി നിരീക്ഷിച്ചു.
തമിഴ് പേശുന്ന ദേവികുളം; 4 തവണയായി ഇടതിനൊപ്പം
മൂന്നാർ ∙ എ.രാജയുടെ തിരഞ്ഞെടുപ്പു വിജയം ശരിവച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ദേവികുളം മണ്ഡലത്തിൽ ഇടതുമുന്നണിക്കു പുതുജീവനേകി. കഴിഞ്ഞ 4 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ദേവികുളം മണ്ഡലം എൽഡിഎഫിനൊപ്പമായിരുന്നു. എസ്.രാജേന്ദ്രൻ 15 വർഷം എംഎൽഎയായി. തുടർന്ന് രാജയെത്തി. നേരത്തേ 15 വർഷം കോൺഗ്രസിലെ എ.കെ.മണിയായിരുന്നു എംഎൽഎ.
തമിഴ് കലർന്ന മണ്ഡലങ്ങളിലൊന്നാണു ദേവികുളം. ദേവികുളം, മൂന്നാർ, വട്ടവട, പള്ളിവാസൽ, ഇടമലക്കുടി, മാങ്കുളം, ചിന്നക്കനാൽ, ബൈസൺവാലി, മറയൂർ, കാന്തല്ലൂർ, അടിമാലി, വെള്ളത്തൂവൽ എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിനു കീഴിലുള്ളത്. വോട്ടർമാരിൽ 65 ശതമാനത്തോളം തമിഴ്‌വംശജരാണ്.