മനോരമയും കൊച്ചി ഐഎസ്എസ്ഡിയും ചേർന്നു സംഘടിപ്പിക്കുന്ന അവധിക്കാല ക്യാംപ് മനോരമയിൽ
‘ഹോർത്തൂസ് മലയാളം പാഠശാല’ അവധിക്കാല ക്യാംപ് നടനും സംവിധായകനുമായ ജോണി ആന്റണി ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി ഐഎസ്എസ്ഡി ചെയർമാൻ എം.വി.തോമസ്, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി എന്നിവർ സമീപം. ചിത്രം: മനോരമ
Mail This Article
×
ADVERTISEMENT
കോട്ടയം ∙ കഥയും തിരക്കഥയും സിനിമയും ചർച്ചയാക്കി ‘ഹോർത്തൂസ് മലയാളം പാഠശാല’ രണ്ടാം ദിവസം പിന്നിട്ടു. നൈപുണ്യവികസന കേന്ദ്രമായ കൊച്ചി ഐഎസ്എസ്ഡിയുടെ സഹകരണത്തോടെ മനോരമ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാംപ് ദിവസവും രാവിലെ 9 മുതൽ 1.30 വരെയാണ്. ശനിയാഴ്ച സമാപിക്കും. നടനും സംവിധായകനുമായ ജോണി ആന്റണി ക്യാംപ് ഉദ്ഘാടനം ചെയ്തു. കൊച്ചി ഐഎസ്എസ്ഡി ചെയർമാൻ എം.വി.തോമസ്, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ, സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു, ക്യാംപ് ഡയറക്ടർ സേതു പാർവതി എന്നിവർ പ്രസംഗിച്ചു. സംവിധായകൻ ജയരാജ്, ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി.ആർ.ഇന്ദുഗോപൻ എന്നിവർ കുട്ടികളുമായി സംവദിച്ചു.
കുട്ടികൾ ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കടലാസുകൊണ്ട് ലഹരി വസ്തുക്കളുടെ പ്രതീകാത്മക മാതൃകകൾ തയാറാക്കി, അവയെല്ലാം കൂട്ടിയിട്ട് കത്തിച്ച് ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ഗിന്നസ് റെക്കോർഡ് ഉടമയായ ചിത്രകാരൻ രാജശേഖരൻ പരമേശ്വരൻ ചിത്രകലയെക്കുറിച്ച് ഇന്ന് 10നു ക്ലാസ് നയിക്കും. തുടർന്ന് റോബട്ടിക്സ്, നിർമിതബുദ്ധി വിഷയങ്ങളിൽ ക്ലാസ്.
സിനിമാ മേഖലയിലേക്കു വരാൻ ശ്രമിക്കുന്നവർ വായന ശീലമാക്കണം. വായനയിൽനിന്നാണു പുതിയ ആശയവും കഥയും ഉണ്ടാവുക. അതിനുശേഷം ഉചിതമായ കഥാപാത്രങ്ങളെ കണ്ടെത്തണം. ജീവിതത്തിന് ഒരു താളബോധം ഉണ്ടാകണം. സംഗീതം ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കണം. - ജയരാജ്
വിശ്വാസമാകാം, അന്ധവിശ്വാസം അരുത്. പ്രേതാലയങ്ങൾ എന്നു വിശേഷിപ്പിച്ച ഇടങ്ങളിൽ ഒറ്റയ്ക്ക് പോയി ഞാൻ താമസിച്ചിട്ടുണ്ട്. ഒന്നിനെയും കാണാൻ കഴിഞ്ഞിട്ടില്ല. കുട്ടികൾക്കും കഥയെഴുതിത്തുടങ്ങാം. സ്കൂളിലും വീട്ടിലും കാണുന്ന കൗതുകമുള്ള സംഭവങ്ങൾ കുറിപ്പുകളായി എഴുതുക. - ജി.ആർ.ഇന്ദുഗോപൻ
സിനിമയിൽ കാണുന്നതല്ല യഥാർഥ പൊലീസ്. സിനിമയിലുള്ളത് കഥയും കഥാപാത്രങ്ങളുമായി കണ്ടാൽ മതി. കേസന്വേഷണത്തിനു നേരിട്ടുള്ള ചോദ്യംചെയ്യൽ പോലെ പഴയരീതിയും ദൃശ്യങ്ങൾ പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികസംവിധാനങ്ങളും ഉപയോഗിക്കാറുണ്ട്. - എ.ഷാഹുൽ ഹമീദ്
ബാലരമ പോലെ കുട്ടികൾക്കായുള്ള പ്രസിദ്ധീകരണങ്ങൾ വായിച്ചാണു പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങളെ ഞാൻ മനസ്സിലാക്കിയത്. പുസ്തകവായനയാണ് ഏറ്റവും നല്ലത്. വായിക്കുന്നതിനൊപ്പം അക്കാര്യം മനസ്സിൽ ചിത്രംപോലെ തെളിയും. അങ്ങനെ ഒരേസമയം വായനയിലും ഭാവനയിലും മുഴുകാനാകും. - ജോണി ആന്റണി
English Summary:
Horthus Malayalam Patashala Film Camp: Horthus Malayalam Patashala Film Camp Concludes Successful Second Day. Malayala Manorama's Film Camp Inspires Young Filmmakers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.