അനന്താനന്ദം പൂരാനന്ദം; പൂരലഹരിയിൽ കവിഞ്ഞെന്ത് ലഹരിയെന്ന് കുടമാറ്റച്ചടങ്ങിൽ ജനസഹസ്രം

Mail This Article
തൃശൂർ ∙ ചോരയിലലിഞ്ഞു ചേർന്ന മായിക ലഹരി.... പൂരം! സിരകളിൽ പടർന്നു കയറിയ പൂരാവേശത്തിന്റെ ലഹരിയിൽ മതിമറന്ന് ഇന്നലെ നഗരഹൃദയത്തിൽ അലയടിച്ചത് ആൾക്കടൽ. ഞരമ്പുകളെ വലിച്ചുമുറുക്കി തീക്ഷ്ണതയുടെ കൊടുമുടിയിൽ ആത്മാവിൽ ആനന്ദം പൂക്കുന്ന താളലഹരി. യുവാക്കളേ, ഇതിലപ്പുറം എന്തു ലഹരി! കാൽ തൊട്ട്, മെയ് തൊട്ട്, അതു മെല്ലെ കൈ തൊട്ടു. ആയിരമായിരം കൈകൾ താളത്തിനൊത്ത് വാനിലേക്കുയർന്ന് നൃത്തം ചെയ്തു. അഴകാർന്ന ആനകൾ, പൊന്നിൻ വെളിച്ചം, വർണച്ചമയങ്ങൾ, വാദ്യഘോഷങ്ങൾ... ലഹരിയങ്ങനെ ഉന്മാദത്തിന്റെ പടവുകളേറി. അതിന് ആശീർവാദമേകി സർവം സാക്ഷിയായി വടക്കുന്നാഥനും. പഞ്ചവാദ്യം, ചെമ്പട, പഞ്ചാരി, പാണ്ടി.... എല്ലാ ജീവബിന്ദുക്കളും താളം പിടിക്കുന്നു. മേളതാളങ്ങൾ ലഹരിയാക്കുന്ന ലോകഭൂപടത്തിലെ ഒരേയൊരു നാട്, തൃശൂർ. ഈ നാട്ടിൽ രാസലഹരിക്കെന്ത് കാര്യം! പൂരനാളിന് തുടക്കം കുറിച്ച് കണിമംഗലം ശാസ്താവ് പുലർച്ചെയെത്തി, മഞ്ഞും വെയിലും കൊള്ളാതെ വടക്കുന്നാഥനെ വണങ്ങി തിരികെപ്പോയി. പിന്നീട് മറ്റു ഘടകപൂരങ്ങളുമെത്തി. ഓരോ എഴുന്നള്ളിപ്പിനും മേളം അകമ്പടിയായി.
മേടസൂര്യൻ പതിവുപോലെ മിടുക്കു കാട്ടിയില്ല. ജ്വലിച്ചു തുടങ്ങിയതേയുള്ളൂ. മഠത്തിൽ നിന്ന് തിരുവമ്പാടി ഭഗവതിയുടെ വരവറിയിച്ചപ്പോൾ സൂര്യനു മുന്നിൽ കാർമേഘങ്ങൾ വന്നു കുട പിടിച്ചു. ഇന്ദ്രിയങ്ങൾക്കും ഹൃത്തിനും മധുവോളം മധുരം പകരുന്നതായിരുന്നു കോങ്ങാട് മധുവിന്റെ മഠത്തിൽ വരവ് പഞ്ചവാദ്യം. ചെമ്പട തുടങ്ങുമ്പോഴേക്കും പല ദിക്കിൽ നിന്നുള്ള ആളുകൾ തൃശൂരിന്റെ ധമനികളിലൂടെ പാറമേക്കാവിന്റെ തിരുമുറ്റത്തേക്ക് ഓടിയെത്തി. അധികം വൈകാതെ കോലു വീഴാൻ പോകുന്ന ഇലഞ്ഞിത്തറമേളത്തിലേക്ക് മനസ്സിനെ അഴിച്ചുവിടാൻ ഒരുങ്ങുകയായിരുന്നു പൂരപ്രേമികൾ. ഇലഞ്ഞിച്ചോട്ടിലെ തണുപ്പിലേക്കാണ് മേളച്ചൂട് ഇരച്ചു കയറിയത്. പിടിച്ചുനിൽക്കാനാകാതെ കാണികൾ ആവേശം കൊണ്ട് ആർപ്പുവിളിച്ചു. പുകയല്ല, പൂരമാണ് ലഹരി. കിഴക്കൂട്ട് അനിയൻ മാരാരും സംഘവും പാണ്ടിമേളം കൊട്ടി വിരുന്നൊരുക്കി. ഇരുനൂറ്റൻപതോളം വാദ്യകലാകാരൻമാർ അണിനിരന്ന ലോകത്തെ ഏറ്റവും വലിയ ഓർക്കസ്ട്രേഷന്റെ ലഹരിയിൽ ഇല ചൂടി നിൽക്കുന്ന ഇലഞ്ഞിയും താളം പിടിച്ചു. വടക്കുന്നാഥന്റെ മതിലകത്ത് അസുരതാളം തിമർത്തു പെയ്തു. അപ്പോൾ, ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടിയുടെ പാണ്ടിമേളം കൊട്ടിക്കയറുകയായിരുന്നു.
പിന്നെ, തെക്കോട്ടിറക്കം. നാദലഹരിയിൽ വർണരാജികൾ കലാശിക്കുന്ന കുടമാറ്റത്തിനു തയാറായിരുന്നു അപ്പോഴേക്കും തെക്കേ ഗോപുരമുറ്റം. ഭഗവതിമാർ പുറത്തേക്കെഴുന്നള്ളി. പാറമേക്കാവിനു വേണ്ടി ഭഗവതിയുടെ തിടമ്പേറ്റിയത് ഗുരുവായൂർ നന്ദനും തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയത് തിരുവമ്പാടി ചന്ദ്രശേഖരനുമാണ്. 15 ആനകൾ വീതം ഇരുകരകളിലെന്ന പോൽ അണിനിരന്നു. ആർത്തിരമ്പുന്ന കടലിൽ സ്വർണ വർണങ്ങളണിഞ്ഞ രണ്ടു പായ്ക്കപ്പലുകൾ പോലെ ഇരുകൂട്ടരും. ഉത്സവത്തിന്റെ മാറ്റുകൂടി കാഴ്ചയുടെ വസന്തമായി കുടമാറ്റം; മേളം അപ്പോഴും നിലയ്ക്കാതെ വീശി. രാസക്കൂട്ടുകളിലല്ല, മേളത്തിന്റെ രസമാണ് ലഹരി. ഇന്ന് ഉച്ചയ്ക്ക് 12.30ന് പടിഞ്ഞാറേ നടയിൽ പാറമേക്കാവ്– തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. അടുത്ത പൂരം എന്നെന്ന് അപ്പോഴറിയാം. പിന്നെ കാത്തിരിപ്പിന്റെ കൊട്ടിക്കയറൽ.