തിരുവാതുക്കൽ ദമ്പതി കൊലക്കേസ് പ്രതിയെ ചോദ്യം ചെയ്ത് സിബിഐ

Mail This Article
കോട്ടയം ∙ തിരുവാതുക്കൽ ദമ്പതി കൊലക്കേസ് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിനെ (23) ജില്ലാ ജയിലിൽ സിബിഐ സംഘം ചോദ്യം ചെയ്തു. കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ, ഐടി സംരംഭകനായിരുന്ന ഗൗതം വിജയകുമാറിനെ 8 വർഷം മുൻപു റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസ് ഹൈക്കോടതി നിർദേശപ്രകാരം സിബിഐയാണ് അന്വേഷിക്കുന്നത്. അതുമായി ബന്ധപ്പെട്ടാണ് അമിത്തിനെ ചോദ്യം ചെയ്തത്.
അമിത്തിനെ 3 മണിക്കൂർ ചോദ്യം ചെയ്യാനായി കോട്ടയം മജിസ്ട്രേട്ട് കോടതി മൂന്നിൽ തിരുവനന്തപുരം സിബിഐ യൂണിറ്റ് ഇന്നലെ രാവിലെയാണ് അപേക്ഷ നൽകിയത്. 2 മണിക്കൂർ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി. എഴുതിത്തയാറാക്കിയ ഇരുപതോളം ചോദ്യങ്ങളാണു സിബിഐ അമിത്തിനോടു ചോദിച്ചത്. വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നു ഗൗതമിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഫയലുകളുടെ പകർപ്പ് കഴിഞ്ഞ ദിവസം സിബിഐ ശേഖരിച്ചിരുന്നു. അപകടം നടന്ന റെയിൽവേ ക്രോസിലും സംഘം പരിശോധന നടത്തി.
തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (65), ഭാര്യ ഡോ. മീര വിജയകുമാർ (62) എന്നിവരെ ഏപ്രിൽ 22നു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അമിത്. 2017 ജൂൺ 3ന് ആണു ദമ്പതികളുടെ മകൻ ഗൗതം വിജയകുമാറിനെ കാരിത്താസ് റെയിൽവേ ക്രോസിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. ഗൗതമിന്റെ മരണം ആത്മഹത്യയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്കു വിട്ട് ഉത്തരവിറങ്ങിയത്.