ഗ്രൂപ്പില്ലാത്ത മാറ്റത്തിന്റെ പാക്കേജ്

Mail This Article
തിരുവനന്തപുരം ∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുൻപ് നിർണായകമായ സംഘടനാ തീരുമാനങ്ങൾ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നു. കെ.സുധാകരനെ പോലെ ഒരു നേതാവിനെ മാറ്റുന്നതും പകരക്കാരനെ നിശ്ചയിക്കുന്നതും നേതൃത്വത്തിന് ഒട്ടും എളുപ്പമായിരുന്നില്ല. അദ്ദേഹത്തിനുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ പാർട്ടിക്കു തന്നെ പരിമിതികൾ സൃഷ്ടിച്ചപ്പോൾ മുന്നിൽ വേറെ വഴിയും ഉണ്ടായില്ല. സുധാകരനു പകരം സണ്ണി ജോസഫ് എന്നതും കടന്ന് പുതിയ ‘നേതൃപാക്കേജ്’ തന്നെ എഐസിസി പ്രഖ്യാപിച്ചതിൽ അദ്ഭുതത്തിന്റെ അംശമുണ്ട്. പ്രഖ്യാപനം നീണ്ടുപോയത് ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടിയുള്ള സാവകാശമായിരുന്നുവെന്ന് എഐസിസിക്ക് അവകാശപ്പെടാം.
സംസ്ഥാനത്തെ മുൻനിര നേതാക്കളുടെ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു: ‘പിണറായി സർക്കാരിലും മെച്ചപ്പെട്ട സർക്കാരിനെ കേരള ജനത അർഹിക്കുന്നുണ്ട്. അവരുടെ ആഗ്രഹത്തിന് കോൺഗ്രസ് നേതാക്കൾ തടസ്സം നിൽക്കാതിരുന്നാൽ മതി.’ സംഘടനയെ ശക്തമാക്കി ഐക്യത്തോടെ മുന്നോട്ടുപോയാൽ അധികാരത്തിലേക്കു തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് രാഹുൽ പങ്കുവച്ചത്. സണ്ണി ജോസഫിന്റെയും ടീമിന്റെയും മുന്നിലെ ദൗത്യവും ഇതു തന്നെ: ലോക്സഭാ തിരഞ്ഞെടുപ്പു വിജയത്തിന്റെ തിളക്കത്തിലും പ്രകടമായ സംഘടനാ ദൗർബല്യങ്ങൾ കുറെയെങ്കിലും വേഗം പരിഹരിക്കുക. വിവാദങ്ങളോ തർക്കങ്ങളോ ഇല്ലാതെ എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിക്കുക.
-
Also Read
പല പേരുകൾ; ഒടുവിൽ സണ്ണി
അഭിപ്രായവ്യത്യാസങ്ങൾ പുത്തരിയല്ലെങ്കിലും തുടർച്ചയായി 9 വർഷം കേരളത്തിലും അതിലേറെ കേന്ദ്രത്തിലും അധികാരത്തിനു പുറത്തുനിൽക്കേണ്ടി വന്നത് മുൻപില്ലാത്ത യാഥാർഥ്യബോധം കോൺഗ്രസുകാർക്ക് നൽകിയിട്ടുണ്ട്. 2026 ൽ തിരിച്ചുവരാൻ കഴിഞ്ഞില്ലെങ്കിൽ യുഡിഎഫ് ശിഥിലമായേക്കാമെന്നു നേതാക്കൾക്ക് അറിയാം. ഡൽഹിയിൽ എഐസിസി വിളിച്ചുചേർത്ത സംസ്ഥാന നേതാക്കളുടെ 3 മണിക്കൂർ യോഗത്തിനു ശേഷം ഇവിടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയ്ക്കും ഇടയിലെ പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് ഒരുമിച്ചു നീങ്ങുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നേതാക്കൾക്കിടയിലെ നല്ല ബന്ധം ഉറപ്പിക്കുന്നതിൽ മേൽനോട്ടം വഹിക്കുന്നു. നേതൃത്വത്തോട് അകന്നുനിന്നിരുന്ന വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും വീണ്ടും സജീവമാണ്. യുഡിഎഫ് തിരിച്ചുവരേണ്ടതിന്റെ ആവശ്യം ഓർമിപ്പിച്ച് എ.കെ.ആന്റണി എല്ലാ വിഭാഗം നേതാക്കളുമായും സമ്പർക്കത്തിലും.
-
Also Read
‘ക്ലാസ്’ ലീഡർ സണ്ണി വക്കീൽ
പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിനു കേന്ദ്രമാകേണ്ട കെപിസിസി ഓഫിസ് പലപ്പോഴും ആളൊഴിഞ്ഞ ഇടമായി നിർജീവമായി തുടരുന്നു എന്ന പ്രശ്നം ഡൽഹി യോഗത്തിനു ശേഷവും തുടർന്നു; അതിനാണ് ഒടുവിൽ എഐസിസി പരിഹാരം കണ്ടത്. ഉമ്മൻ ചാണ്ടിയുടെയും കെ.എം.മാണിയുടെയും വിയോഗവും കേരള കോൺഗ്രസ്(എം) മുന്നണി വിട്ടതും ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുളള തലപ്പൊക്കമുള്ള ചില നേതാക്കൾ പാർട്ടിയിൽനിന്ന് അകന്നുപോയതും പുതിയ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നു. മിതവാദിയും സംഘാടകനുമായ സണ്ണിക്ക് പാർട്ടിയിലുള്ള സ്വീകാര്യതയും വിവാദങ്ങൾക്ക് അതീതനെന്ന പ്രതിഛായയും ഈ തീരുമാനത്തിനു കാരണമായി. കെ.സുധാകരൻ ഒഴിയുമ്പോൾ പകരം അടൂർ പ്രകാശ് വരണമെന്നു വാദിച്ചവരെ കൂടി ഉൾക്കൊണ്ടാണ് യുഡിഎഫ് കൺവീനർ പദവിയിലേക്ക് അദ്ദേഹത്തെ നിയോഗിച്ചത്. പി.സി.വിഷ്ണുനാഥിന്റെയും ഷാഫി പറമ്പിലിന്റെയും വർക്കിങ് പ്രസിഡന്റ് പദം നാളത്തെ നേതൃനിരയെക്കുറിച്ചുള്ള സൂചന നൽകുന്നു. പ്രവർത്തകസമിതിയിൽ പ്രത്യേക ക്ഷണിതാവ് ആയതോടെ വർക്കിങ് പ്രസിഡന്റ് പദവി ഒഴിയാൻ സന്നദ്ധനായ കൊടിക്കുന്നിലിനു പകരം എ.പി.അനിൽകുമാറിന്റെ വരവ് പ്രതീക്ഷിച്ചതാണ്. ഒരാൾ ഒരു പദവി എന്ന തീരുമാനം ഉണ്ടെങ്കിലും നേതൃത്വത്തിലേക്ക് നിയോഗിക്കപ്പെട്ട 5 പേരും ജനപ്രതിനിധികളാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇതൊന്നുമല്ല– ഒരിക്കൽ കോൺഗ്രസിലെ എല്ലാ നിയമനങ്ങളുടെയും ആണിക്കല്ലായിരുന്ന ഗ്രൂപ്പ് ഈ പുതിയ 5 നിയമനങ്ങളിലും മാനദണ്ഡമേ ആയിട്ടില്ല!
കെപിസിസി, ഡിസിസി അഴിച്ചുപണി വരും
കെപിസിസിയുടെയും ഡിസിസിയുടെയും സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കുകയാണ് പുതിയ ടീമിനു മുന്നിലെ ആദ്യ ദൗത്യം. കെപിസിസിയിൽ ട്രഷററുടെയും ഏതാനും ഭാരവാഹികളുടെയും പദവികൾ ഒഴിഞ്ഞുകിടക്കുകയാണ്. ഭാരവാഹികളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നവരെ നിലനിർത്തിയുള്ള അഴിച്ചുപണി ഉണ്ടാകും. തിരഞ്ഞെടുപ്പുകൾ അടുത്തതിനാൽ ജനറൽ സെക്രട്ടറിമാരുടെ എണ്ണം കൂട്ടണമെന്നും നിർദേശമുണ്ട്. സെക്രട്ടറിമാരാകാൻ യുവനേതാക്കളുടെ നീണ്ട നിര കാത്തിരിക്കുന്നു. ഡിസിസി പ്രസിഡന്റുമാരെ മാറ്റണോ വേണ്ടയോ എന്നതിൽ തീരുമാനമായിട്ടില്ലെങ്കിലും ഡിസിസികൾക്കു പുതിയ ഭാരവാഹികൾ ഉടൻ വരും. 12 വർഷം മുൻപ് വി.എം.സുധീരൻ കെപിസിസി പ്രസിഡന്റായപ്പോൾ നിയമിച്ച കമ്മിറ്റികളാണ് തുടരുന്നത്.
11 വർഷം; നാലാമത്തെ നേതൃമാറ്റം
തിരുവനന്തപുരം ∙ 11 വർഷത്തിനിടയിൽ 3 പ്രസിഡന്റുമാർ; ഒരു ആക്ടിങ് പ്രസിഡന്റ്. എല്ലാവരും കോൺഗ്രസിലെ വൻതോക്കുകൾ. ഈ പരീക്ഷണങ്ങൾക്കു ശേഷമാണ് സണ്ണി ജോസഫിലേക്കു പാർട്ടി തിരിയുന്നത്. 2014 ഫെബ്രുവരിയിൽ കെപിസിസി പ്രസിഡന്റായ വി.എം.സുധീരൻ, അദ്ദേഹം രാജിവച്ചപ്പോൾ നിയമിതനായ മുല്ലപ്പള്ളി രാമചന്ദ്രൻ, ശേഷം കെ.സുധാകരൻ; ഈ 3 മുതിർന്ന നേതാക്കളും സുഖകരമായ സാഹചര്യത്തിലല്ല സ്ഥാനം ഒഴിഞ്ഞത്. രാജിക്കു ശേഷം സുധീരനും മുല്ലപ്പള്ളിയും നേതൃത്വവുമായി ഉരസലിലുമായിരുന്നു.
3 വർഷം പ്രസിഡന്റായിരുന്ന സുധീരൻ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ ദയനീയ പരാജയം സൃഷ്ടിച്ച ആഘാതത്തിനു ശേഷവും തുടരുമെന്ന സൂചന നൽകിയെങ്കിലും അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു; മുല്ലപ്പള്ളിക്ക് 3 വർഷം തികയ്ക്കാനായില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയോടെ സ്ഥാനമൊഴിഞ്ഞു. തുടർന്ന് 2021 ജൂണിൽ അധ്യക്ഷ സ്ഥാനത്തെത്തിയ സുധാകരനു പിൻഗാമികളെക്കാൾ കൂടുതൽ സമയം ലഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പും കൂടുതൽ ഉപതിരഞ്ഞെടുപ്പുകളും ജയിക്കാനായി. പക്ഷേ കെപിസിസി ആസ്ഥാനം കേന്ദ്രീകരിച്ചു സംഘടനാ പ്രവർത്തനം നടത്തുന്നതിലും പാർട്ടി എടുത്ത പല തീരുമാനങ്ങളും നടപ്പിൽ വരുത്തുന്നതിലും പ്രതീക്ഷിച്ചതുപോലെയായില്ല. സുധീരനും മുല്ലപ്പള്ളിയും ഒഴിഞ്ഞ സമയത്ത് ആക്ടിങ് പ്രസിഡന്റായിരുന്ന എം.എം.ഹസൻ പരാതികൾക്ക് ഇടം കൊടുക്കാതെ മുന്നോട്ടുപോയെങ്കിലും സ്ഥിരം പ്രസിഡന്റ് പദവിയിലേക്കു പരിഗണിക്കപ്പെട്ടില്ല.