ഓടും നായ, ചാടും നായ; പക്ഷേ, ആരെയും കടിക്കില്ല!

Mail This Article
കോട്ടയം ∙ കടിക്കാൻ ഓടിയെത്തുന്ന തെരുവുനായ്ക്കളെക്കണ്ടു പേടിച്ചോടുന്ന കുട്ടികളായിരുന്നില്ല ഇന്നലെ അവർ! ഒപ്പം ഓടിനടക്കുന്ന നായയുമായി അവർ കൂട്ടുകൂടി. മലയാള മനോരമയും നൈപുണ്യവികസന കേന്ദ്രമായ കൊച്ചി ഐഎസ്എസ്ഡിയും ചേർന്നു നടത്തുന്ന അവധിക്കാല ക്യാംപ് ‘ഹോർത്തൂസ് മലയാളം പാഠശാല’യിലാണ് ഇന്നലെ റോബോ ഡോഗ് താരമായത്. ദുബായ് ആസ്ഥാനമായ യുണീക് വേൾഡ് റോബട്ടിക്സ് കമ്പനിയുടെ കൊച്ചി കേന്ദ്രത്തിൽനിന്നുള്ള പരിശീലകർ ജിതിൻ അനു ജോസും മോനിഷ് മോഹനും റോബട്ടിക്സ്, നിർമിതബുദ്ധി എന്നിവയെപ്പറ്റി ക്ലാസെടുത്തു. ഹ്യുമൻ റോബട്ട്, റോബോ ഡോഗ് എന്നിവയെ ഇവർ ക്യാംപിൽ കൊണ്ടുവന്നു കുട്ടികൾക്കു മുന്നിൽ അവതരിപ്പിച്ചു.
-
Also Read
സൈന്യത്തിന് ബിഗ് സല്യൂട്ട്: എ.കെ.ആന്റണി

ഗിന്നസ് റെക്കോർഡ് ഉടമയും ചിത്രകാരനും കലാസംവിധായകനുമായ രാജശേഖരൻ പരമേശ്വരൻ ചിത്രകലയെപ്പറ്റി ക്ലാസെടുത്തു. കുട്ടികൾ വരച്ച ചിത്രങ്ങൾ അദ്ദേഹം വിലയിരുത്തി. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു മോഡറേറ്ററായി. സേതു പാർവതിയാണു ക്യാംപ് ഡയറക്ടർ. ഇന്നു സജിത് തോമസിന്റെ കരിയർ ഗൈഡൻസ് ക്ലാസോടെ ക്യാംപ് ആരംഭിക്കും. ശരിയായ ആഹാരരീതിയെക്കുറിച്ച് ഐഎംഎ സ്പോർട്സ്, ഹെൽത്ത് ആൻഡ് ഫിറ്റ്നസ് കമ്മിറ്റി സംസ്ഥാന ചെയർമാൻ ഡോ. ബിബിൻ പി.മാത്യുവും കയ്യക്ഷരം നന്നാക്കാനുള്ള വഴികളെക്കുറിച്ചു വിപിനും ക്ലാസുകൾ നയിക്കും.