യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്; സുഹൃത്തും സഹായിയും അറസ്റ്റിൽ

Mail This Article
കറുകച്ചാൽ ∙ കാറിടിച്ചു യുവതി മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. യുവതിയുടെ സുഹൃത്തിനെയും കൊലപാതകത്തിനു സഹായിച്ചയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി മേലാറ്റുതകിടി അമ്പഴത്തിനാൽ അൻഷാദ് കബീർ (37), സഹായിച്ച കാഞ്ഞിരപ്പള്ളി ചാവടിയിൽ ഉജാസ് അബ്ദുൽ സലാം (35) എന്നിവരെയാണു കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ.നായർ (35) ചൊവ്വാഴ്ച കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ 8.45നു വെട്ടിക്കാവുങ്കൽ–പൂവൻപാറപ്പടി റോഡിലായിരുന്നു സംഭവം. ചങ്ങനാശേരിക്കുള്ള ബസിൽ കയറാൻ നടന്നുപോകുമ്പോഴാണു കാറിടിച്ചത്. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന നീതു വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു.
സാമ്പത്തിക ഇടപാടുകളാണു കൊലയ്ക്കു പിന്നിലെന്നു പൊലീസ് പറയുന്നു. അൻഷാദ് നൽകിയ തുക തിരികെക്കൊടുക്കാത്തതു സംബന്ധിച്ച തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചത്. ഓട്ടോ ഡ്രൈവറായ അൻഷാദ്, സുഹൃത്തായ ഉജാസുമായി ചേർന്നു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഉജാസും ഓട്ടോ ഡ്രൈവറാണ്. നീതു പോകുന്ന വഴി കൃത്യമായി അറിയാവുന്ന അൻഷാദ് പൊൻകുന്നത്തുനിന്നു കാർ വാടകയ്ക്കെടുത്താണു കൊല നടത്തിയത്. ഉജാസും ഈ സമയം കാറിലുണ്ടായിരുന്നു. നീതുവിനെ ഇടിച്ചിട്ട ശേഷം ഏതാനും മീറ്റർ നിരക്കി നീക്കിയെന്നു ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. സമീപത്തെ വൈദ്യുത പോസ്റ്റിൽ കാർ തട്ടിയതിനെ തുടർന്നു മുൻവശത്തെ ബംപറിന്റെ ഭാഗം ഇളകിവീണു. തകർന്ന മുൻഭാഗവുമായി കാർ പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. നീതുവിന്റെ സംസ്കാരം നടത്തി.