പല പേരുകൾ; ഒടുവിൽ സണ്ണി

Mail This Article
ന്യൂഡൽഹി ∙ കെപിസിസിക്കു പുതിയ അധ്യക്ഷനെ കണ്ടെത്തുന്ന കാര്യത്തിൽ ഏകപക്ഷീയമായി നീങ്ങിയ നേതാക്കൾക്കു ‘ജനാധിപത്യ നടപടിയിലൂടെ’ രാഹുൽ ഗാന്ധി നൽകിയ മറുപടിയാണ് സണ്ണി ജോസഫ്.
കെപിസിസി അധ്യക്ഷ പദവിയിലിരിക്കെ മികച്ച തിരഞ്ഞെടുപ്പു ജയങ്ങളുണ്ടായെങ്കിലും സുധാകരന് അനാരോഗ്യമുണ്ടെന്ന റിപ്പോർട്ട് സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി നൽകിയതോടെയാണ് മാറ്റത്തിനുള്ള ചരടുവലികൾ ആരംഭിച്ചത്. കഴിഞ്ഞവർഷം ബെളഗാവിയിൽ പ്രത്യേക പ്രവർത്തക സമിതി യോഗം നടക്കുമ്പോൾ ഇതു പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.
അന്നു കേരളത്തിലെ നേതാക്കളുടെ പ്രത്യേക യോഗം നടക്കുമ്പോൾ സുധാകരന്റെ അനാരോഗ്യത്തെക്കുറിച്ചു ദീപ ദാസ്മുൻഷി പരാമർശിച്ചു. ഇതിൽ സുധാകരൻ അതൃപ്തി പ്രകടിപ്പിച്ചു. അതിനിടെ മൻമോഹൻ സിങ്ങിന്റെ വിയോഗ വാർത്തയെത്തുകയും യോഗം അവസാനിപ്പിച്ചു നേതാക്കൾ മടങ്ങുകയും ചെയ്തു. തുടർന്നാണ് പകരം പേരുകളുടെ കാര്യത്തിൽ ആലോചനയുണ്ടായത്. എന്നാൽ, ഈ ചർച്ചകൾ ഏതാനും നേതാക്കളിൽ ഒതുങ്ങി.
പാർട്ടിയുടെ മുൻ അധ്യക്ഷന്മാരുൾപ്പെടെ മുതിർന്ന പല നേതാക്കളോടും കൂടിയാലോചന ഉണ്ടായില്ല. അവർ പേരുകൾ മുന്നോട്ടുവച്ചതുമില്ല. ക്രിസ്ത്യൻ സമുദായാംഗത്തെ പ്രസിഡന്റായി അവതരിപ്പിക്കണമെന്ന അഭിപ്രായം കനപ്പെട്ടതോടെ ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം.ജോൺ എന്നിവരുടെ പേരുകൾ ഉയർന്നു. ഈഴവ സമുദായാംഗമെന്ന നിലയിൽ അടൂർ പ്രകാശിനായും ചരടുവലിയുണ്ടായി. യുവ നേതാക്കളിൽ ഒരു വിഭാഗം പി.സി.വിഷ്ണുനാഥിന്റെ പേര് മുന്നോട്ടുവച്ചു. എന്നാൽ, അന്തിമഘട്ടത്തിൽ ആന്റോയുടെ പേരിനായിരുന്നു മുൻതൂക്കം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനു മുൻപായി കെപിസിസിക്ക് പുതിയ അധ്യക്ഷനെയും ടീമിനെയും പ്രഖ്യാപിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നെങ്കിലും ഉചിതമായ സമയത്തിനു വേണ്ടി കാത്തിരുന്നതു സ്ഥിതി കൂടുതൽ വഷളാക്കി. ഇക്കാര്യത്തിൽ സുധാകരനെ വിശ്വാസത്തിലെടുക്കാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും അദ്ദേഹത്തെ ഡൽഹിയിലേക്കു വിളിപ്പിക്കുകയും സൗഹാർദപരമായി പിരിയുകയും ചെയ്തെങ്കിലും അദ്ദേഹം നടത്തിയ പരസ്യപ്രതികരണം നേതൃത്വത്തെ വെട്ടിലാക്കി. പരാതികൾ ഉയർന്നതോടെ രാഹുൽ ഗാന്ധി ഇടപെട്ടാണ് പ്രഖ്യാപനം വൈകിപ്പിച്ചതും.