കോൺക്ലേവിലെ മലയാളിത്തം

Mail This Article
വത്തിക്കാൻ സിറ്റി ∙ ഇന്ത്യക്കാർ കർദിനാൾ പദവിയിലെത്തിയിട്ട് 72 വർഷം. അന്നു മുതലുള്ള ഏഴാമത്തെ പേപ്പൽ തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. ജോൺ 23–ാമൻ (കോൺക്ലേവ് തീയതി: 1958 ഒക്ടോബർ 25– 28), പോൾ 6–ാമൻ (1963 ജൂൺ 19- 21), ജോൺ പോൾ ഒന്നാമൻ (1978 ഓഗസ്‌റ്റ് 25, 26), ജോൺ പോൾ രണ്ടാമൻ (1978 ഒക്‌ടോബർ 14– 16), ബനഡിക്ട് 16–ാമൻ (2005 ഏപ്രിൽ 18,19), ഫ്രാൻസിസ് (2013 മാർച്ച് 12,13) എന്നീ മാർപാപ്പമാരുടെ തിരഞ്ഞെടുപ്പിൽ ഇന്ത്യക്കാർക്ക് പങ്കാളിത്തമുണ്ടായിരുന്നു. ഈ കോൺക്ലേവിൽ ഇന്ത്യയിൽ നിന്നു വോട്ടുചെയ്തത് 4 പേർ.
-
Also Read
സമാധാനം ആശംസിച്ച് പാപ്പ; കരഘോഷത്തോടെ ജനം
വേഗത്തിൽ ക്ലീമീസ്, വൈകി പാറേക്കാട്ടിൽ
കർദിനാൾ പദവിയിലെത്തി 5 മാസത്തിനകം (151 ദിവസം) കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിനു പേപ്പൽ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അവസരം ലഭിച്ചു. 2024 ഡിസംബർ 7ന് ആണ് അദ്ദേഹം കർദിനാൾ ആയത്. മാർ ബസേലിയോസ് ക്ലീമീസിനാണ് ഇക്കാര്യത്തിൽ റെക്കോർഡ്. 2012 നവംബർ 24നു കർദിനാളായ അദ്ദേഹം 108 ദിവസം കഴിഞ്ഞ് 2013 മാർച്ച് 12ന് ആരംഭിച്ച കോൺക്ലേവിൽ പങ്കെടുത്തു. ഇതോടൊപ്പം പങ്കെടുത്ത മാർ ജോർജ് ആലഞ്ചേരിക്കാണ് മൂന്നാം സ്ഥാനം (388 ദിവസം). 2 ദിവസത്തിന്റെ വ്യത്യാസത്തിലാണ് ഇത്തവണ അദ്ദേഹത്തിനു വോട്ടവകാശമില്ലാതായത്. മാർപാപ്പായുടെ ഒഴിവുണ്ടാകുന്ന സമയത്ത് 80 വയസ്സ് പൂർത്തിയാകാത്തവർക്കാണു വോട്ടവകാശം. ഫ്രാൻസിസ് മാർപാപ്പ മരിച്ച ഏപ്രിൽ 21നു 2 നാൾ മുൻപ് 19ന് അദ്ദേഹത്തിന് 80 വയസ്സു തികഞ്ഞു. കർദിനാൾ പദവി സ്വീകരിച്ച് ഒൻപതര വർഷത്തിനു ശേഷമാണ് മാർ ജോസഫ് പാറേക്കാട്ടിലിനു കോൺക്ലേവിൽ സംബന്ധിക്കാൻ അവസരം ലഭിച്ചത്.
വോട്ടു ചെയ്യാതെ 3 പേർ
6 മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരാണ് ഇതുവരെ കർദിനാൾ പദവിയിലെത്തിയത്. 10 പേർ കാലം ചെയ്‌തു. 80 വയസ്സ് തികയുന്നതിനു മുൻപ് പേപ്പൽ തിരഞ്ഞെടുപ്പൊന്നും നടക്കാതിരുന്നതുകൊണ്ട് സൈമൺ ലൂർദ്‌സാമി, സൈമൺ ഇഗ്‌നേഷ്യസ് പിമന്റ എന്നിവർക്ക് വോട്ടുചെയ്യാൻ അവസരം ലഭിച്ചില്ല. കർദിനാൾ ആയിരുന്ന കാലത്ത് (1988– 2000) തിരഞ്ഞെടുപ്പൊന്നും നടക്കാതിരുന്നതിനാൽ മാർ ആന്റണി പടിയറയ്‌ക്കും ഇതിനവസരം ലഭിച്ചില്ല. മലയാളി കർദിനാൾമാർ, പദവിയിലിരുന്ന കാലം, പങ്കെടുത്ത
മലയാളി കർദിനാൾമാർ പദവിയിലിരുന്ന കാലം, പങ്കെടുത്ത കോൺക്ലേവുകൾ
01. മാർ ജോസഫ് പാറേക്കാട്ടിൽ (1969– 1987) കോൺക്ലേവുകൾ: 1978 ഓഗസ്റ്റ്, 1978 ഒക്ടോബർ
02. മാർ ആന്റണി പടിയറ (1988– 2000)
കർദിനാൾ ആയിരുന്ന കാലത്ത് തിരഞ്ഞെടുപ്പൊന്നും നടന്നില്ല
03. മാർ വർക്കി വിതയത്തിൽ (2001– 2011) 2005 ലെ കോൺക്ലേവ്
04. മാർ ജോർജ് ആലഞ്ചേരി (2012 – )
2013 ലെ കോൺക്ലേവ്
മലയാളി ബന്ധമുള്ള മലേഷ്യൻ വോട്ട്
പുതിയ പാപ്പയെ തിരഞ്ഞെടുത്ത കോൺക്ലേവിൽ മലയാളി ബന്ധമുള്ള മലേഷ്യൻ കർദിനാളും വോട്ടുചെയ്തു. തൃശൂർ ഒല്ലൂരിൽ നിന്ന് 1900 ൽ മലേഷ്യയിൽ കുടിയേറിയ കുടുംബത്തിൽ നിന്നുള്ള കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസാണു വോട്ടുചെയ്തത്. മലേഷ്യയിൽ 1951 നവംബർ 11നു ജനിച്ച അദ്ദേഹത്തെ 2012 ജൂലൈ ഏഴിനു ബനഡിക്ട് 16–ാമൻ മാർപാപ്പ പെനാംഗ് രൂപതയിലെ മെത്രാനായി വാഴിച്ചു. 2023 സെപ്റ്റംബർ 30നു ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവി നൽകി.
