അച്ചടക്കത്തിന്റെ വാളോങ്ങില്ല; ഐക്യത്തിന്റെ വക്താവാകും: സണ്ണി ജോസഫ്

Mail This Article
Q പുതിയ ഉത്തരവാദിത്തത്തെ എങ്ങനെ കാണുന്നു?
A ഐക്യത്തിന്റെ വക്താവായി മുന്നോട്ടുപോകും. അച്ചടക്കത്തിന്റെ വാളോങ്ങി നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നില്ല. കൂടുതൽ അഗ്രസീവാകേണ്ട സാഹചര്യം വരുമ്പോൾ അങ്ങനെ ചെയ്യും.
നല്ലൊരു ടീമിനെയാണ് എഐസിസി നിയോഗിച്ചിരിക്കുന്നത്. നല്ല പ്രതീക്ഷയുണ്ട്. വളരെ നല്ലൊരു ടീംവർക്കാണ് ഇനിയുണ്ടാകുക. ഇരു ഗവൺമെന്റുകളുടെയും തെറ്റായ ജനവിരുദ്ധനയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം ഇനി കാണാം.
Q നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം. തദ്ദേശ തിരഞ്ഞെടുപ്പിന് 6 മാസവും. കോൺഗ്രസിന്റെ ഭാവി പരിപാടികൾ എന്തൊക്കെ?
A കോൺഗ്രസ് നേതൃത്വം ബത്തേരിയിൽ യോഗം ചേർന്നു തീരുമാനിച്ചതാണ് മിഷൻ 2025. അതിന്റെ പ്രോജക്ടുമായി മുന്നോട്ടുപോകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അശാസ്ത്രീയമായ വാർഡ് വിഭജനമാണ് വലിയ വെല്ലുവിളി.
അസംബ്ലി തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ ആരംഭിച്ചിട്ടില്ല. യുഡിഎഫിനെ കൂടുതൽ ശക്തമാക്കും. പാർട്ടി സംഘടനാ സംവിധാനം ഒന്നുകൂടി പുതുക്കും.
Q കെ.സുധാകരൻ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ താങ്കൾ ഡിസിസി പ്രസിഡന്റായി. ഇപ്പോൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്തും തുടരുന്നു. സുധാകരനു പകരക്കാരനാകുമോ?
A കെ.സുധാകരൻ എന്ന കരുത്തനായ നേതാവിന് അതേപടി യോജിച്ച നേതാവല്ല ഞാൻ. അദ്ദേഹത്തിന്റെ അനുഗ്രഹത്തിൽ എനിക്കും പ്രവർത്തിച്ചു മുന്നേറാൻ സാധിക്കും. അദ്ദേഹം മന്ത്രിയായപ്പോഴാണ് എന്നെ ഡിസിസി പ്രസിഡന്റാക്കുന്നത്. ഒരു കാര്യത്തിൽപോലും ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിട്ടില്ല. അദ്ദേഹം എനിക്കു കരുത്താണ്.
പിണറായി വിജയന്റെ ദുർഭരണത്തിനെതിരെ സിപിഎം അണികളിൽതന്നെ എതിർപ്പുണ്ട്. കേരളത്തിൽ പിണറായി സർക്കാർ വന്നതിനു ശേഷം നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പിലും എൽഡിഎഫ് പരാജയപ്പെടുകയാണുണ്ടായത്.
ജനങ്ങൾ എവിടെ നിൽക്കുന്നു എന്നതിന്റെ തെളിവാണിത്. അതിനെ ഒന്നുകൂടി ഏകോപിപ്പിച്ചു ലക്ഷ്യത്തിലെത്തിക്കും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പു വരുമ്പോഴും ഇത് ആവർത്തിക്കാൻ സാധിക്കും.
Qപുതിയ കെപിസിസി പ്രഡിഡന്റ് ആരുടെ നോമിനിയാണ്?
A ഞാൻ പ്രവർത്തകരുടെ നോമിനിയാണ്. അല്ലാതെ ഒരു സമുദായത്തിന്റെ നോമിനിയല്ല. സമുദായ സമവാക്യം അനുസരിച്ചല്ല കെപിസിസി പ്രസിഡന്റിനെ നിയമിച്ചിരിക്കുന്നത്. കോൺഗ്രസ് മതനിരപേക്ഷ പാർട്ടിയാണ്.
Q അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽനിന്നു മത്സരിക്കുമോ?
A പാർട്ടി തീരുമാനിക്കും.