യുദ്ധഭീതി: നാട്ടിലേക്ക് മടങ്ങി മലയാളി വിദ്യാർഥികൾ

Mail This Article
ന്യൂഡൽഹി ∙ ‘രാത്രി ആകാശത്ത് ഡ്രോണുകളുടെ ചുവന്ന വെട്ടം കണ്ടു, സ്ഫോടന ശബ്ദം കേൾക്കുമോ എന്നു പേടിച്ച് പാതിരാത്രി വരെ ഹോസ്റ്റലിൽ കയറാതെ ഗ്രൗണ്ടിൽ തന്നെ നിന്നു. രാവിലെ ഇട്ടിരുന്ന വസ്ത്രം പോലും മാറാതെ ടാക്സി പിടിച്ച് റെയിൽവേ സ്റ്റേഷനിലെത്തി ഡൽഹിയിലേക്ക് പോന്നു’– പഞ്ചാബ് ഭട്ടിൻഡയിലെ സെൻട്രൽ യൂണിവേഴ്സിറ്റി ക്യാംപസിൽ നിന്നു കേരള ഹൗസിലെത്തിയ കണ്ണൂർ പിണറായി സ്വദേശി വിഷ്ണുമായയും കായംകുളം സ്വദേശി രാഖിയും പറയുന്നു.
എംഎസ്‍സി മൈക്രോബയോളജി രണ്ടാം വർഷ വിദ്യാർഥികളായ ഇരുവർക്കും കോഴ്സ് അവസാനിക്കാൻ 2 ആഴ്ച മാത്രം ബാക്കി നിൽക്കുമ്പോഴാണ് അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നത്. ഇവരെപ്പോലെ പാഠപുസ്തകങ്ങളും കോളജും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്നത് ആയിരത്തോളം മലയാളി വിദ്യാർഥികൾക്കാണ്.
പാക്ക് അതിർത്തിയിൽ നിന്ന് 80 കിലോമീറ്റർ മാത്രം അകലെയുള്ള ഭട്ടിൻഡയിലെ ക്യാംപസിൽ അറന്നൂറോളം മലയാളി വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇവർക്കെല്ലാം നാട്ടിലെത്താനുള്ള ട്രെയിൻ ടിക്കറ്റുകൾ പോലും ലഭ്യമല്ല.
ജമ്മുവിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്ന് മാത്രം 120 മലയാളി വിദ്യാർഥികൾ ഇന്നലെ രാത്രി ഡൽഹിയിലെത്തി. ഇവരെയെല്ലാം പ്രവേശിപ്പിക്കാനുള്ള സൗകര്യം കേരള ഹൗസിലിൽ ഇല്ലാത്തതിനാൽ എംപിമാരുടെ വീടുകൾ, ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുടെ ഹോസ്റ്റലുകൾ എന്നിവിടങ്ങളാണ് അഭയമായത്.
-
Also Read
ആരും യുദ്ധം ആഗ്രഹിക്കുന്നില്ല
‘ഷെല്ലാക്രമണത്തിന്റെ വാർത്തകൾ പരിസരവാസികൾ പറയുമ്പോഴും കോളജിന്റെ ഭാഗത്തുനിന്ന് ജാഗ്രത നിർദേശമൊന്നുമുണ്ടായില്ല. വ്യാഴാഴ്ച രാത്രിയാണ് 2 ദിവസം അവധിയാണെന്ന് അറിയിപ്പ് വരുന്നത്. ഇന്നലെ തുടങ്ങേണ്ട പരീക്ഷയും മാറ്റിവച്ചു. ഇതോടെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോരാമെന്ന് തീരുമാനിച്ചു. സ്പെഷൽ ട്രെയിനിലാണ് ഡൽഹി വരെ എത്തിയത്. നാട്ടിലേക്ക് എമർജൻസി ടിക്കറ്റുകൾക്കായി ശ്രമിക്കുന്നുണ്ട്’– ഇന്നലെ രാത്രി പത്തോടെ ഡൽഹിയിലെത്തിയ അഫ്സാന പറഞ്ഞു. അഫ്സാനയുടെ കോളജിലെ എല്ലാ മലയാളി വിദ്യാർഥികളും ഇന്നലെത്തന്നെ ഡൽഹി വരെ എത്തി. എന്നാൽ, കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഒട്ടേറെ മലയാളികൾ ഗതാഗത സൗകര്യമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ജമ്മുവിന് പുറമേ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കോളജുകളിലുമായി ആയിരക്കണക്കിന് മലയാളി വിദ്യാർഥികളാണ് നാട്ടിലെത്താൻ ടിക്കറ്റിനായി നെട്ടോട്ടമോടുന്നത്. ഈ സംസ്ഥാനങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരക്കിട്ട് മടങ്ങേണ്ട: സർക്കാർ
തിരുവനന്തപുരം ∙ അതിർത്തിസംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾ സംഘർഷം ഭയന്നു തിരക്കിട്ടു കേരളത്തിലേക്കു മടങ്ങേണ്ടതില്ലെന്നു സംസ്ഥാനസർക്കാർ അറിയിച്ചു. കൺട്രോൾ റൂമിലേക്കു വിളിക്കുന്നവർക്ക് ഈ നിർദേശമാണു നൽകുന്നത്. കേന്ദ്രത്തിൽനിന്നും ഇതേനിർദേശമാണു സംസ്ഥാനത്തിനു ലഭിച്ചത്.
ഇന്നലെ വൈകിട്ടുവരെ ഇരുനൂറോളം കോളുകളാണു കൺട്രോൾ റൂമിൽ ലഭിച്ചത്.