ഒരു കോടി വരിക്കാർ; മനോരമ ന്യൂസ് യുട്യൂബ് ചാനൽ പുതിയ ഉയരത്തിൽ

Mail This Article
മനോരമ ന്യൂസ് യുട്യൂബ് ചാനൽ വരിക്കാരുടെ എണ്ണം ഒരു കോടി പിന്നിട്ടു. വ്യാഴാഴ്ച രാത്രിയാണ് ചാനൽ ഈ ചരിത്രനേട്ടം കൈവരിച്ചത്. ഏറ്റവും കൂടുതൽ വിഡിയോ വ്യൂസ് ഉള്ള മലയാളം യുട്യൂബ് ന്യൂസ് ചാനൽ എന്ന നേട്ടവും മനോരമ ന്യൂസിന് സ്വന്തം. 1144.38 കോടിയാണ് ചാനലിന്റെ ആകെ വ്യൂസ്. 5.11 ലക്ഷം വിഡിയോകൾ മനോരമ ന്യൂസ് യുട്യൂബ് ചാനലിൽ ഉണ്ട്. 10 മില്യൻ വരിക്കാർ എന്ന നേട്ടം കൈവരിച്ചതോടെ യുട്യൂബിന്റെ ‘ഡയമണ്ട് ബട്ടൺ ക്രിയേറ്റേഴ്സ്’ അവാർഡ് മനോരമ ന്യൂസിന് ലഭിക്കും. ഒരു പതിറ്റാണ്ടിനിടെ നടന്ന എല്ലാ ചരിത്രസംഭവങ്ങളുടെയും വിശദമായ വിഡിയോകൾ ചാനലിൽ ഉണ്ട്. ഒപ്പം എക്സ്പ്ലെയ്നറുകൾ, എന്റർടെയ്ൻമെന്റ് വിഡിയോകൾ, ഹെൽത്ത് ടിപ്സ്, ലൈഫ് സ്റ്റൈൽ, ടെക്നോളജി, സ്പോർട്സ്, അഭിമുഖങ്ങൾ, ശാസ്ത്രകൗതുകങ്ങൾ, ടിവി ഷോകൾ തുടങ്ങിയവയും ചാനലിന്റെ ഭാഗമാണ്.
24 മണിക്കൂറും വാർത്തകൾ തൽസമയം പ്രേക്ഷകരിലേക്കെത്തിക്കുന്ന ലൈവ് സ്ട്രീമും ഉണ്ട്. 2014 ജൂൺ മൂന്നിനാണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. സമൂഹ മാധ്യമങ്ങൾ വേണ്ടത്ര പ്രചാരം നേടാത്ത തുടക്കകാലത്ത് 20 മാസമെടുത്താണ് സബ്സ്ക‍്രിപ്ഷൻ ഒരുലക്ഷം കടന്നത്. എന്നാൽ 10 ലക്ഷമെത്താൻ 10 മാസമേ വേണ്ടിവന്നുള്ളൂ. 2021 ഏപ്രിലിൽ 50 ലക്ഷവും 2024 ജൂണിൽ 90 ലക്ഷവും പിന്നിട്ടു. ചാനൽ ആരംഭിച്ച് 10 വർഷം പൂർത്തിയാക്കിയതിനു പിന്നാലെ 10 മില്യൻ എന്ന ചരിത്രനേട്ടത്തിലുമെത്തി.