പാക്ക് ഷെല്ലാക്രമണം: ജമ്മു താവിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്ര ജീവിതത്തിൽ മറക്കില്ലെന്ന് മലയാളി അധ്യാപിക

Mail This Article
ജമ്മു കശ്മീരിൽ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നു വിദ്യാർഥികൾ പഠിച്ചിരുന്ന ക്രൈസ്റ്റ് സ്കൂൾ ശൃംഖലയിലെ അധ്യാപകരായ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി സ്വാതി വി.ബാബുവും കൊല്ലം കരുനാഗപ്പള്ളി സ്വദേശി ബി.അരുൺ കൃഷ്ണനും അതിർത്തിയിലെ സംഘർഷത്തിന്റെ അനുഭവം പറയുന്നു
∙ സ്വാതി വി.ബാബു (ജമ്മു കശ്മീരിൽ അധ്യാപിക)
പാക്ക് ഷെല്ലാക്രമണം ശക്തമായ മേയ് 6 രാത്രി. ലംബേരി, നൗഷേറ, രജൗറി, പൂഞ്ച്, ദിഗ്‌വാർ എന്നിവിടങ്ങളിലാണ് ക്രൈസ്റ്റ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒട്ടേറെ മലയാളിവൈദികരും അധ്യാപകരും ജീവനക്കാരുമുണ്ട്. 6ന് വൈകിട്ട് ഞാൻ ജോലിചെയ്യുന്ന ദിഗ്‌വാർ സ്കൂൾ വിട്ട് താമസസ്ഥലമായ പൂഞ്ചിലെ സ്കൂൾ ക്യാംപസിലെത്തി. പിറ്റേന്ന് പുലർച്ചെ 2 ആയപ്പോൾ വലിയ ശബ്ദം കേട്ടു. ഉടനെ ബങ്കറിലേക്കു പോയി. ഷെല്ലാക്രമണത്തിൽ സ്കൂളിലെ 2 കുട്ടികൾ മരിച്ചെന്ന വിവരമറിഞ്ഞത് അപ്പോഴാണ്.
പുലർച്ചെ നാട്ടിലേക്കു മടക്കം. ജമ്മു താവിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്ര ജീവിതത്തിൽ മറക്കില്ല. വണ്ടി പുറപ്പെട്ടതിനു പിന്നാലെ സ്റ്റേഷനു നേരെ ആക്രമണമുണ്ടായി. വഴിയിൽ കഠ്‌വ, പഠാൻകോട്ട് , ലുധിയാന എന്നിവിടങ്ങളിൽ ആക്രമണമുന്നറിയിപ്പുണ്ടായിരുന്നു . കോച്ചിനകത്തെ ലൈറ്റുകളെല്ലാം അണച്ചശേഷമായിരുന്നു രാത്രിയാത്ര. എല്ലാവരും പേടിച്ചു കൂനിക്കൂടിയിരുന്നു. പഠിച്ചിറങ്ങിയ ശേഷം എനിക്ക് ആദ്യമായി ലഭിച്ച ജോലിയാണ് ഇത്. വീണ്ടും അവിടേക്കു തന്നെ പോയി ജോലിയിൽ തുടരും.
∙ ബി. അരുൺ കൃഷ്ണൻ ( ജമ്മു കശ്മീരിൽ അധ്യാപകൻ)
വെടി നിർത്തൽ തീരുമാനം ആശ്വാസം പകരുന്നുണ്ട്. ജീവനും കയ്യിൽ പിടിച്ചായിരുന്നു ജമ്മുവിൽ നിന്ന് ട്രെയിനിലെ മടക്കയാത്ര. യാത്ര പുറപ്പെട്ടതിനു പിന്നാലെ റെയിൽവേ സ്റ്റേഷൻ മേഖലയിൽ ഷെല്ലിങ് ഉണ്ടായതായി കേട്ടു. ആളുകൾ ചിതറിയോടുന്ന കാഴ്ചയാണ് പാതകളിൽ കണ്ടത്. കൊച്ചുകുട്ടികളെ ഒക്കത്തും ചുമലിലും വച്ച് ഓടുന്ന സാധാരണ കശ്മീരികളുടെ ദൃശ്യം വേദനാജനകാണ്. അവർ പല വാഹനങ്ങൾക്കു നേരെയും കൈ കാണിക്കുന്നുണ്ട്. ലൈറ്റുകൾ അണച്ചു വണ്ടിയിലിരുന്ന് എല്ലാ യാത്രക്കാരും പ്രാർഥിച്ചു കൊണ്ടിരുന്നു. കശ്മീരിലേക്ക് ഒരു വർഷം മുൻപാണ് അധ്യാപകനായി പോയത്. കുറെ നാളുകളായി ആ നാട് സമാധാനത്തിലായിരുന്നു. അവിടെയുള്ള സാധാരണക്കാരുടെ ജീവിതം മെച്ചപ്പെട്ടു വരികയായിരുന്നു.