കർഷകസഭയിൽ കൃഷിമന്ത്രിയും കർഷകരുമായി മുഖാമുഖം

Mail This Article
കണ്ണൂർ ∙ മലയോര കർഷകരും കൃഷിയും നേരിടുന്ന പ്രശ്നങ്ങൾ കൃഷിമന്ത്രി പി.പ്രസാദിനു മുന്നിൽ അവതരിപ്പിക്കാനും പരിഹാരം തേടാനും മലയാള മനോരമ അവസരമൊരുക്കുന്നു. കർഷകശ്രീ മാസികയുടെ മുപ്പതാം വാർഷികത്തോട് അനുബന്ധിച്ച് 26നും 27നും കണ്ണൂർ ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിൽ നടക്കുന്ന കർഷകസഭയിലാണു കർഷകരും കൃഷിമന്ത്രിയുമായുള്ള മുഖാമുഖം. കൃഷിയിലെ പുത്തൻ അറിവുകൾ അവതരിപ്പിക്കുന്നതിനും കർഷകർ േനരിടുന്ന ദുരിതങ്ങളും െവല്ലുവിളികളും ചർച്ച ചെയ്തു പരിഹാരം തേടുന്നതിനുമായി സംസ്ഥാനത്തുടനീളം കർഷകശ്രീ ഒരുക്കുന്ന കർഷകസഭകളിൽ രണ്ടാമത്തേതാണു ചെറുപുഴയിൽ നടക്കുന്നത്.
വന്യജീവി ആക്രമണം ചെറുക്കാൻ സംസ്ഥാന സർക്കാരിന് എന്തു ചെയ്യാനാകുമെന്നു ചർച്ച െചയ്യുന്ന ഓപ്പൺഫോറത്തിനു പുറമേ, ജില്ലയിലെ പ്രധാനവിളകളായ തെങ്ങ്, കമുക്, കശുമാവ്, കുരുമുളക്, കൊക്കോ തുടങ്ങിയവയുടെ കൃഷിയിലും വിപണിയിലുമുണ്ടാകുന്ന മാറ്റങ്ങളും മൂല്യവർധനയിലൂടെ അധികാദായം നേടാനുള്ള മാർഗങ്ങളും സംരംഭകസാധ്യതകളും അവതരിപ്പിക്കുന്ന െസമിനാറുകളുമുണ്ട്. കണ്ണൂരിന്റെ പുതുസാധ്യതകളായ പഴവർഗക്കൃഷി, ഫാം ടൂറിസം, വൈൻ നിർമാണം തുടങ്ങിയവ സംബന്ധിച്ചു സംരംഭകർ അനുഭവങ്ങൾ പങ്കുവയ്ക്കും. വിദഗ്ധർക്കൊപ്പം ഒട്ടേറെ പുതുതലമുറ സംരംഭകരും ചർച്ചകളിൽ പങ്കെടുക്കും. കൃഷിക്കു വേണ്ടതെല്ലാം വിപണനമേളയിൽ മൺസൂൺ എത്തി കാർഷിക പ്രവർത്തനങ്ങൾ തുടക്കമിടുന്ന ഈ വേളയിൽ നടീൽവസ്തുക്കൾ, കാർഷിക യന്ത്രോപകരണങ്ങൾ, പുതുതലമുറ വളങ്ങൾ, കീടനാശിനികൾ തുടങ്ങി കൃഷിക്കു വേണ്ടതെല്ലാം ലഭ്യമാകുന്ന വിപണനമേളയും കർഷകസഭയോട് അനുബന്ധിച്ചുണ്ടാകും.
കാർഷികോപാധികളുടെ പ്രദർശനത്തിനും വിൽപനയ്ക്കുമായി സ്റ്റാളുകൾ ആവശ്യമുള്ളവർ ബന്ധപ്പെടുക, ഫോൺ: 9544117222.