ഓരോ വർഷവും 2 ലക്ഷം പേർക്ക് നായ്ക്കളുടെ കടി; വന്ധ്യംകരിച്ചത് ഒരു ലക്ഷം നായ്ക്കളെ മാത്രം

Mail This Article
തൊടുപുഴ∙ സംസ്ഥാനത്ത് 2021 മുതൽ ഓരോ വർഷവും നായയുടെ കടിയേറ്റ് ചികിത്സ തേടുന്നത് 2 ലക്ഷത്തിലധികം പേർ. കഴിഞ്ഞ 2 വർഷമായി അത് 3 ലക്ഷം കടന്നു. 2021 ൽ 2.21 ലക്ഷം പേരും 2022 ൽ 2.88 ലക്ഷം പേരും 2023 ൽ 3.06 ലക്ഷം പേരും കഴിഞ്ഞവർഷം 3.16 ലക്ഷം പേരും നായ കടിച്ചതിനെ തുടർന്ന് ചികിത്സ തേടി. ഇതിൽ തെരുവുനായ ആക്രമിച്ച കണക്ക് ലഭ്യമല്ല. കഴിഞ്ഞ 4 വർഷത്തിനിടയിൽ 89 പേർ പേവിഷ ബാധയേറ്റ് മരിച്ചിട്ടുണ്ട്.
വന്ധ്യംകരിച്ചത് ഒരു ലക്ഷം നായ്ക്കളെ മാത്രം
2016 മുതൽ 2024 വരെയുള്ള 8 വർഷം സംസ്ഥാനത്തു വന്ധ്യംകരണം നടത്തിയത് 1.16 ലക്ഷം തെരുവുനായ്ക്കളെ മാത്രം. 2019 ലെ ലൈവ്സ്റ്റോക്ക് സെൻസസ് പ്രകാരം സംസ്ഥാനത്ത് 2.89 ലക്ഷം തെരുവുനായ്ക്കൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇതിന്റെ ഇരട്ടിയോളം വരുമെന്നാണ് സൂചന. നിലവിലെ കണക്ക് സർക്കാർ പുറത്ത് വിട്ടിട്ടില്ല.
2022 സെപ്റ്റംബർ മുതൽ 2024 ഡിസംബർ വരെ 2.32 ലക്ഷം തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. എല്ലാ തെരുവുനായ്ക്കളെയും വന്ധ്യംകരിക്കുമെന്നും തദ്ദേശസ്ഥാപനങ്ങളിൽ ഷെൽറ്റർ ഹോമുകൾ തുറക്കുമെന്നുമുള്ള സർക്കാർ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല.