മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ ഇന്ന് ചെന്നൈയിൽ

Mail This Article
ചെന്നൈ ∙കെപിസിസി പുനഃസംഘടന യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് എംപിമാർ അതൃപ്തരാണെന്നത് പ്രചാരണം മാത്രമാണെന്നും ലീഗ് ദേശീയ കൗൺസിൽ, സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ കൗൺസിൽ ഇന്ന് പൂനമല്ലി ഹൈറോഡിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. കേരളത്തിനു പുറത്ത് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ ആലോചിക്കുന്നതിനൊപ്പം പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 700ലേറെ പ്രതിനിധികൾ പങ്കെടുക്കും. അഖിലേന്ത്യാ ഭാരവാഹികളായി പ്രസിഡന്റ് കെ.എം.ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ട്രഷറർ പി.വി.അബ്ദുൽ വഹാബ്, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ തുടരാനാണു സാധ്യത. യുവാക്കൾക്കും ഉത്തരേന്ത്യയിൽ നിന്നുള്ളവർക്കും പുതിയ കമ്മിറ്റിയിൽ കൂടുതൽ പ്രാതിനിധ്യം ലഭിച്ചേക്കും. ഇന്നലെ നടന്ന ദേശീയ സെക്രട്ടേറിയറ്റ് യോഗം പുതുതായി രൂപീകരിച്ച സംസ്ഥാന കമ്മിറ്റികൾക്ക് അംഗീകാരം നൽകി.