കോവിഡ് മരണം: ഒഴിവാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരത്തിനായി ബ്രിട്ടാസിന്റെ കത്ത്

Mail This Article
ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം രേഖപ്പെടുത്തിയതിൽ കേന്ദ്രം കൃത്രിമം കാണിച്ചെന്ന വിവാദങ്ങൾക്കിടെ, ഒഴിവാക്കപ്പെട്ടവർക്കു കൂടി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയ്ക്ക് കത്ത് നൽകി. കോവിഡ് കാലമായിരുന്ന 2021 ൽ 2020 നെ അപേക്ഷിച്ച് ഇന്ത്യയിൽ ഏകദേശം 21 ലക്ഷം അധിക മരണങ്ങളുണ്ടായെന്ന സിവിൽ റജിസ്‌ട്രേഷൻ സിസ്റ്റത്തിന്റെ (സിആർഎസ്) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കത്ത്.
സിആർഎസ് പ്രകാരം 2020 ൽ രാജ്യത്ത് 81.15 ലക്ഷം മരണങ്ങളുണ്ടായി. കോവിഡ് രൂക്ഷമായ 2021ലാകട്ടെ 1.02 കോടിയിലധികം മരണങ്ങൾ റജിസ്റ്റർ ചെയ്തു. 2020 നെ അപേക്ഷിച്ച് 21 ലക്ഷം അധികം മരണം. 2021 ൽ കോവിഡ് ബാധിച്ച് 3,32,468 പേർ രാജ്യത്ത് മരിച്ചെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരുന്ന ഔദ്യോഗിക കണക്ക്.
ബാക്കിയുള്ള 17 ലക്ഷത്തിലധികം മരണങ്ങൾ സംബന്ധിച്ചാണ് സംശയം ഉയരുന്നത്. ഇവരെക്കൂടി കോവിഡ് മരണങ്ങളായി പരിഗണിച്ച് സുപ്രീംകോടതി നിർദേശിച്ച 50,000 രൂപയുടെ നഷ്ടപരിഹാരം കേന്ദ്രസർക്കാർ നൽകണമെന്നാണ് ബ്രിട്ടാസ് കത്തിലൂടെ ആവശ്യപ്പെടുന്നത്.