ട്രെയിനുകളിൽ വിലകുറഞ്ഞ ഭക്ഷണത്തിനായി അനധികൃത പുറംകരാർ

Mail This Article
തിരുവനന്തപുരം∙ ട്രെയിനുകളിൽ ഭക്ഷണ കരാർ നേടുന്ന കമ്പനികൾ ലാഭം കൊയ്യാൻ വേണ്ടി തിരഞ്ഞെടുക്കുന്നത് നിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ സാധനങ്ങൾ. കാലാവധി കഴിഞ്ഞ ചപ്പാത്തിയും മറ്റ് ഉൽപന്നങ്ങളും കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നതിനാൽ അവ ഉപയോഗിച്ചു കൂടുതൽ ലാഭത്തിനാണ് കരാറുകാർ ശ്രമിക്കുന്നത്.
ട്രെയിനുകളിലെ ഭക്ഷണ വിതരണക്കരാർ കോടികൾ നൽകി എടുക്കുമ്പോൾ ആ പണം തിരിച്ചു പിടിക്കാൻ ഏറ്റവും വില കുറഞ്ഞ ഭക്ഷണം ലഭ്യമാക്കാൻ കഴിയുന്ന സ്ഥാപനങ്ങളെയാണു കമ്പനികൾ അന്വേഷിക്കുന്നത്. ഒരേ സമയം രാജ്യത്തെ നൂറുകണക്കിന് സ്ഥലങ്ങളിലും ട്രെയിനുകളിലും ഭക്ഷണം വിതരണം ചെയ്യേണ്ടി വരുന്നതിനാൽ ഉപകരാർ നൽകാതെ കേറ്ററിങ് നടത്താൻ കഴിയില്ല. ഉപകരാർ നൽകാൻ നിയമപരമായി വ്യവസ്ഥയില്ലെങ്കിലും മിക്ക കമ്പനികളും അനധികൃതമായി പുറംകരാർ നൽകിയാണു പ്രവർത്തിക്കുന്നത്.
വന്ദേഭാരതിലെ ഭക്ഷണം യാത്രയ്ക്കു മുൻപു പരിശോധിക്കുന്നുണ്ടെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഭക്ഷണം തയാറാക്കുന്ന സ്ഥലത്ത് സിസിടിവി ക്യാമറ വേണമെന്നു ബേസ് കിച്ചനുള്ള കമ്പനികൾക്കു നിർദേശം നൽകിയിട്ടുണ്ടെങ്കിലും അത്തരം കേന്ദ്രങ്ങളിൽ നിന്നുള്ള ദൃശ്യം റെയിൽവേ ഡിവിഷനുകളിൽ ലഭ്യമല്ല. കരാർ തുക കൂട്ടി കൂടുതൽ പണം കണ്ടെത്താൻ ശ്രമിക്കുന്ന ഐആർസിടിസി പാചക കേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നില്ലെന്നതിന്റെ തെളിവാണ് കൊച്ചി കടവന്ത്രയിലെ സംഭവം.