നികുതി അടച്ചില്ലെങ്കിൽ നിക്ഷേപങ്ങളിൽ പിടിവീഴും

Mail This Article
തിരുവനന്തപുരം ∙ നികുതി കുടിശിക വരുത്തുന്നവരുടെ ബാങ്ക്, ഓഹരി വിപണി നിക്ഷേപങ്ങളിൽ നിന്നടക്കം പണം പിടിച്ചെടുക്കാനുള്ള നടപടികളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്. ജിഎസ്ടി നിയമം നൽകുന്ന ഇൗ സൗകര്യം ആദ്യമായി പ്രയോഗിക്കാനാണ് വകുപ്പിന്റെ തീരുമാനം. നിലവിൽ നോട്ടിസ് അയച്ചും നേരിട്ടെത്തി നിർബന്ധിച്ചും നികുതി ഈടാക്കുന്ന രീതിയാണ് വകുപ്പിന്റേത്. എന്നിട്ടും അടയ്ക്കാത്തവർക്കായി ആംനെസ്റ്റി പദ്ധതിയും പ്രഖ്യാപിക്കാറുണ്ട്. ഇതിനു പുറമേ, നിയമത്തിലെ എല്ലാ റിക്കവറി മാർഗങ്ങളും പ്രയോഗിക്കുന്നതോടെ കൂടുതൽ പേര് നികുതി അടയ്ക്കാൻ തയാറാകുമെന്നാണു കണക്കുകൂട്ടൽ.
മുന്നറിയിപ്പുകൾ നൽകിയിട്ടും നികുതി അടച്ചില്ലെങ്കിൽ വ്യാപാരിയുടെ ലെഡ്ജറിൽ തുകയുണ്ടെങ്കിൽ അത് നികുതിയായി ഇൗടാക്കാനാണ് ആദ്യം ശ്രമിക്കുക. വ്യാപാരിക്ക് സർക്കാരിൽനിന്ന് പണം ലഭിക്കാനുണ്ടെങ്കിൽ അതും കുടിശികയിനത്തിൽ വരവു വയ്ക്കും. ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, ഓഹരി വിപണി, ഇൻഷുറൻസ് പോളിസികൾ തുടങ്ങിയവയിൽനിന്നു കുടിശിക വസൂലാക്കാനുള്ള സാധ്യതകളും തേടും. അതു കഴിഞ്ഞില്ലെങ്കിൽ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടും.
നികുതി പിരിച്ചെടുക്കൽ യജ്ഞത്തിന്റെ ഭാഗമായി നൂറോളം സ്ഥാപനങ്ങളുടെ ആസ്തികൾ അടുത്തിടെ കണ്ടുകെട്ടി. മനഃപൂർവം കുടിശിക വരുത്തുന്ന വ്യാപാരികളുടെ പേരും വിലാസവും പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളും പരിശോധിക്കുന്നുണ്ട്. സംസ്ഥാന ജിഎസ്ടി ഇക്കണോമിക് ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ ഡോ.മനു ജയന്റെ നേതൃത്വത്തിലാണു റിക്കവറി നടപടികൾ പുരോഗമിക്കുന്നത്. കാലങ്ങളായി നികുതി അടയ്ക്കാത്ത 35 സ്ഥാപനങ്ങളിൽനിന്നു നികുതി പിരിച്ചെടുക്കുകയും ചെയ്തു.