‘പൊലീസ് വന്നിട്ടു പോയാൽ മതി’ എന്ന് ഐവിൻ പറഞ്ഞതിന്റെ വൈരാഗ്യം: സിഐഎസ്എഫുകാരുടേത് നടുക്കുന്ന ക്രൂരത

Mail This Article
നെടുമ്പാശേരി/ അങ്കമാലി ∙ തുറവൂർ സ്വദേശി ഐവിൻ ജിജോയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരും ബിഹാർ സ്വദേശികളുമായ എസ്ഐ വിനയ്കുമാർ ദാസ് (28), കോൺസ്റ്റബിൾ മോഹൻകുമാർ (31)എന്നിവരെ അങ്കമാലി മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു. അറസ്റ്റിലായ 2 പ്രതികളും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഐവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ നടത്തി. ഐവിനെ കൊല്ലണമെന്നുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവം കാറിടിപ്പിക്കുകയായിരുന്നു എന്നാണു റിമാൻഡ് റിപ്പോർട്ടിലുള്ളത്.
കാറിനു മുന്നിൽ കയറി നിന്ന ശേഷം ‘പൊലീസ് വന്നിട്ടു പോയാൽ മതി’ എന്ന് ഐവിൻ പറഞ്ഞതിന്റെ വൈരാഗ്യത്തിൽ കാറിടിപ്പിക്കുകയും ബോണറ്റിൽ വീണു കിടന്നു നിലവിളിച്ചിട്ടും രക്ഷപ്പെടാൻ അനുവദിക്കാതെ 600 മീറ്ററോളം ദൂരം കാറോടിച്ചു പോയെന്നും പൊലീസ് കോടതിയിൽ ബോധിപ്പിച്ചു. പെട്ടെന്നു ബ്രേക്ക് ചെയ്തു റോഡിലേക്കു തള്ളിയിട്ട ശേഷം കാറു കൊണ്ട് ഇടിപ്പിച്ചെന്നും കാറിനടിയിൽപ്പെട്ട ഐവിനെ 37 മീറ്റർ ദൂരം റോഡിലൂടെ വലിച്ചുകൊണ്ടു പോയെന്നും റിപ്പോർട്ടിലുണ്ട്. റൂറൽ എസ്പി എം.ഹേമലതയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല. സംഭവത്തിൽ സിഐഎസ്എഫ് ആഭ്യന്തര അന്വേഷണം തുടങ്ങി. ചെന്നൈ സൗത്ത് സോൺ ഹെഡ്ക്വാർട്ടേഴ്സ് ഡിഐജി ആർ.പൊന്നിയും എഐജി ശിവ് പാണ്ഡേയും ഇന്നലെയെത്തി.