അമ്മയുടെ പ്രിയപ്പെട്ട ഐവിൻ ചൂണ്ടച്ചേരിയിലെ പൂർവവിദ്യാർഥി

Mail This Article
പാലാ ∙ ബൈക്ക് ഓടിച്ചുപോകുമ്പോൾ തെരുവുനായ കുറുകെച്ചാടി അപകടം ഉണ്ടായാലോ എന്നു പേടിച്ച് റോസ്മേരി മകൻ ഐവിനോടു കാറിൽപ്പോയാൽ മതി എന്നു പറയുമായിരുന്നു. അത്തരമൊരു കാർ യാത്രയാണ് ഐവിന് അന്ത്യയാത്രയായത്: നെടുമ്പാശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ ഐവിൻ ജിജോയെപ്പറ്റി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ചീഫ് നഴ്സിങ് ഓഫിസർ റിട്ട. ലഫ്റ്റനന്റ് കേണൽ മജല്ല മാത്യുവും സഹപ്രവർത്തകരും സംസാരിച്ചു തുടങ്ങി.

അമ്മ റോസ്മേരി മാർ സ്ലീവായിലാണു ജോലി ചെയ്യുന്നത്. ഐവിൻ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയിൽ പഠിക്കാൻ ചേർന്നപ്പോൾ കൂടെ നിൽക്കാനായാണ് റോസ്മേരിയും കുടുംബവും അങ്കമാലിയിൽ നിന്നു പാലായിലെത്തിയത്. റോസ്മേരി മാർ സ്ലീവാ ആശുപത്രിയിൽ ഓപറേഷൻ തിയറ്റർ മാനേജരായി 2021ൽ ജോലിക്കു ചേർന്നു. അക്കാലത്ത് ഐവിനാണ് അമ്മയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയിരുന്നതും തിരികെ കൂട്ടിയിരുന്നതും. കഴിഞ്ഞദിവസം റോസ്മേരി നൈറ്റ് ഡ്യൂട്ടിക്കിടെയാണ് ഐവിന് അപകടം പറ്റിയ കാര്യമറിയുന്നത്.

മാർ സ്ലീവായിലെ ജീവനക്കാർക്കു സുപരിചിതനാണ് ഐവിൻ. ഒരു പ്രാവശ്യം സംസാരിച്ചാൽത്തന്നെ ഇഷ്ടം തോന്നുന്ന ഇരുത്തംവന്ന പ്രകൃതമായിരുന്നു. ആശുപത്രി കന്റീനിൽ രണ്ടു മാസം ഇന്റേൺഷിപ്പും ചെയ്തു. ജർമനിയിലേക്കു പോകാനുള്ള ശ്രമങ്ങളിലായിരുന്നു ഐവിനെന്നും മജല്ല മാത്യു പറയുന്നു.സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ 4 വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിനായി 2020ൽ ആണ് ഐവിൻ എത്തിയത്. ആദ്യ വർഷം തന്നെ കൂട്ടുകാർക്കൊപ്പം ചേർന്ന് ക്യാംപസിൽ കഫേ തുടങ്ങി.