വീട്ടിനകത്തു കയറിയ പുലി കുട്ടിയെ തട്ടി താഴെയിട്ട സംഭവം: മന്ത്രി വിശദീകരണം തേടി

Mail This Article
മലമ്പുഴ ∙ അകമലവാരം എലിവാലിൽ വീട്ടിനകത്തു കയറിയ പുലി കട്ടിലിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടി താഴെയിട്ട സംഭവത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോട് റിപ്പോർട്ട് തേടി. വിവരമറിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്ന പരാതി അന്വേഷിക്കാൻ നിർദേശം നൽകിയതായും മന്ത്രി ‘മനോരമ’യോടു പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കും. പ്രദേശത്തു വന്യമൃഗശല്യം രൂക്ഷമായിട്ടും കേടായ സൗരോർജ വേലി നന്നാക്കാത്തത് എന്തെന്നു വ്യക്തമാക്കണം. ഇവ പ്രവർത്തിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കണം. സൗരോർജ വേലിയുടെ പരിപാലനം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കുമെന്നു സ്ഥലം സന്ദർശിച്ച എ.പ്രഭാകരൻ എംഎൽഎയും ഡിഎഫ്ഒ ജോസഫ് തോമസും അറിയിച്ചു. പുലി ഉൾപ്പെടെ വന്യമൃഗങ്ങളെത്തിയാൽ അറിയാൻ വനപ്രദേശങ്ങളിൽ ക്യാമറകളും സ്ഥാപിക്കും. കേടായ സൗരോർജവേലി ശരിയാക്കാനുള്ള നടപടി സ്വീകരിച്ചതായും ഡിഎഫ്ഒ അറിയിച്ചു.