മുക്കുപണ്ട തട്ടിപ്പിന് ശേഷം മരിച്ചെന്ന് സ്വയം പത്രവാർത്ത കൊടുത്തു; യുവാവ് പിടിയിൽ

Mail This Article
കോട്ടയം ∙ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തിയശേഷം, താൻ മരിച്ചെന്നു സ്വയം വാർത്ത നൽകിയ യുവാവിനെ പൊലീസ് പിടികൂടി. കൊടൈക്കനാലിൽ ഒളിവിൽ കഴിയവേയാണു പ്രതി ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായത്. കുമാരനല്ലൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയാണ് (41) പിടിയിലായത്. ആധാർ കാർഡിൽ എം.ആർ.സജീവ് എന്ന പേരും എറണാകുളം ഇടപ്പള്ളിയിലെ വിലാസവുമാണ്; വോട്ടർ ഐഡി കാർഡിൽ കുമാരനല്ലൂരിലെ വിലാസവും.
2023ൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പനമ്പാലം, കുടമാളൂർ ശാഖകളിൽനിന്ന് 5 ലക്ഷം രൂപയാണ് ഇയാൾ മുക്കുപണ്ടം പണയംവച്ചു തട്ടിയെടുത്തതെന്നു പൊലീസ് പറയുന്നു. അന്വേഷിച്ചപ്പോൾ ഇയാൾ ചെന്നൈയിൽ മരിച്ചെന്നു വിവരം ലഭിച്ചു. തുടർന്നു പൊലീസിൽ പരാതിപ്പെട്ടു. മറ്റൊരു പത്രത്തിന്റെ ചരമവാർത്തകളുടെ പേജിൽ ഇയാളുടെ ഫോട്ടോ അടക്കം വാർത്ത വന്നതായി കണ്ടെത്തി. ചെന്നൈ അഡയാറിൽ സംസ്കാരം നടക്കുമെന്നും വാർത്തയിലുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണു മരണവാർത്തയെന്ന് സംശയം തോന്നി. തുടർന്നാണ് കൊടൈക്കനാൽ ഉൾപ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പൊലീസ് അന്വേഷണമെത്തിയത്.