നരഭോജി കടുവയ്ക്കായി തിരച്ചിൽ ഊർജിതം; അടയ്ക്കാക്കുണ്ടിൽ മൂന്നിടങ്ങളിൽ കൂട് സ്ഥാപിച്ചു

Mail This Article
കാളികാവ് (മലപ്പുറം) ∙ ടാപ്പിങ് തൊഴിലാളിയെ കൊന്നു തിന്ന കടുവയ്ക്കായി തിരച്ചിൽ ഊർജിതം. 50 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും ഇന്നലെ കടുവ കുടുങ്ങിയില്ല. ഇതിനു പുറമേ ഡ്രോൺ തെർമൽ സ്കാനർ ഉപയോഗിച്ചും കണ്ടെത്താൻ ശ്രമമുണ്ട്. 50 അംഗ ആർആർടി സംഘമാണ് തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ദിവസം തൊഴിലാളിയെ കൊന്ന അടയ്ക്കാക്കുണ്ട് പാറശേരി റാവുത്തൻകാട്ടിലെ സ്വകാര്യ റബർ എസ്റ്റേറ്റിലടക്കം മൂന്നിടങ്ങളിൽ കൂടും സ്ഥാപിച്ചു.കടുവ സാന്നിധ്യം തിരിച്ചറിഞ്ഞാൽ മയക്കുവെടി വച്ച് പിടികൂടാൻ ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം സജ്ജമാണ്. സംഘം അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ക്യാംപ് ചെയ്യുന്നു.
മയക്കുവെടിവയ്ക്കുന്നവരെ സഹായിക്കുന്നതിനായി എത്തിച്ച കുങ്കിയാനകളായ കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നിവയെ 2 കിലോമീറ്റർ അകലെയുള്ള പാറശേരി ജിഎൽപി സ്കൂളിൽ എത്തിച്ചിട്ടുണ്ട്. ആർആർടി അംഗങ്ങൾ ഇന്നലെ രാവിലെ പത്തോടെയാണ് റാവുത്തൻകാടിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ തുടങ്ങിയത്. കടുവയുടെ മണ്ണിൽ പതിഞ്ഞ കാൽപാടുകൾ പിന്തുടർന്നാണ് പ്രധാന തിരച്ചിൽ. വൈകിട്ട് ആറോടെ ഇന്നലത്തെ ദൗത്യം അവസാനിപ്പിച്ച് മടങ്ങി. ഇന്നു രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കും. `അതേസമയം അപകടമുണ്ടായ എസ്റ്റേറ്റിനു സമീപത്തെ മറ്റൊരു റബർ തോട്ടത്തിൽ കടുവയുടെ ശബ്ദം കേട്ടതായി നാട്ടുകാർ ഉദ്യോഗസ്ഥരെ അറിയിച്ചു. നരഭോജിക്കടുവയെ പിടികൂടണമെന്നും ജനങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്, കർഷക കോൺഗ്രസ് സംഘടനകൾ കാളികാവ് വനം ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.
വന്യജീവികളെ ഭയക്കാതെ കഴിയാൻ സാഹചര്യം ഒരുക്കണം: മാർ തട്ടിൽ
കൊച്ചി ∙ വന്യജീവി ആക്രമണ ഭീതി കൂടാതെ മനുഷ്യർക്കു ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. നിലമ്പൂർ കാളികാവിൽ റബർ ടാപ്പിങ് തൊഴിലാളി ഗഫൂർ അലിയെ കൃഷിയിടത്തിൽ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ അദ്ദേഹം ആശങ്കയും അനുശോചനവും അറിയിച്ചു. വനാതിർത്തിയോടു ചേർന്നു ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.