കൈക്കൂലി: ഇ.ഡി അസി. ഡയറക്ടർക്കെതിരെ ശക്തമായ തെളിവു കണ്ടെത്താനുള്ള ശ്രമത്തിൽ വിജിലൻസ്

Mail This Article
കൊച്ചി∙ ഇ.ഡി കേസ് ഒഴിവാക്കാൻ 2 കോടി കൈക്കൂലി ആവശ്യപ്പെട്ട കേസിലെ ഒന്നാം പ്രതി ഇ.ഡി അസി. ഡയറക്ടർ ശേഖർ കുമാറിനെതിരെ ശക്തമായ തെളിവു കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിൽ വിജിലൻസ്. പ്രാഥമിക തെളിവുകൾ ഇതിനോടകം വിജിലൻസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, ഉന്നത ഉദ്യോഗസ്ഥനായതിനാൽ അറസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി തെളിവുകൾ പൂർണമായും ശേഖരിക്കേണ്ടതുണ്ടെന്ന നിലപാടിലാണു വിജിലൻസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമുണ്ടാകുന്ന ഏതു പിഴവും വിജിലൻസ് സേനയ്ക്കു നാണക്കേടാകും എന്നതാണു കാരണം. ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇ.ഡിയെ ഔദ്യോഗികമായി ഇനിയും ബന്ധപ്പെട്ടിട്ടില്ലെന്നും വിജിലൻസ് മധ്യമേഖല എസ്പി എസ്.ശശിധരൻ പറഞ്ഞു.
കേസിൽ കസ്റ്റഡിയിലുള്ള 3 പ്രതികളെയും ഇന്നലെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. തട്ടിപ്പിന്റെ രീതി സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. കൊച്ചി ഇ.ഡി ഓഫിസുമായി ബന്ധപ്പെട്ടു മുൻപു ലഭിച്ച പരാതികൾ ശരിവയ്ക്കുന്നതാണു പ്രതികളുടെ മൊഴി എന്നറിയുന്നു. പരാതിക്കാരൻ അനീഷ് ബാബുവും ഇന്നലെ വിജിലൻസിനു മുന്നിൽ ഹാജരായി മൊഴി നൽകി.
പ്രതികൾ തമ്മിലുള്ള ഫോൺ വിളികൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ ഇഴകീറി പരിശോധിക്കുന്ന തിരക്കിലാണു വിജിലൻസ്. പരാതിക്കാരനെക്കൊണ്ട് പ്രതികൾ 50,000 രൂപ നിക്ഷേപിപ്പിച്ച അക്കൗണ്ടിന്റെ ഉടമകളായ കമ്പനിയെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഒരു വർഷം മുൻപു മാത്രം പ്രവർത്തനം ആരംഭിച്ച ഈ കമ്പനിയെപ്പറ്റിയുള്ള വിശദവിവരങ്ങൾ ഒന്നും അവരുടെ വെബ്സൈറ്റിലില്ല. മോട്ടർ വെഹിക്കിൾസും മോട്ടർ ട്രേഡും ഒഴികെയുള്ള മൊത്തക്കച്ചവടമാണു കമ്പനി നടത്തുന്നതെന്നാണു വെബ്സൈറ്റിൽ സൂചിപ്പിച്ചിട്ടുള്ളത്. രണ്ടു ഡയറക്ടർമാരാണ് ഈ കമ്പനിക്കുള്ളത്. ഇതിൽ ഒരാൾ സമാനമായ രീതിയിൽ ഒരു വർഷം മുൻപു രൂപീകരിക്കപ്പെട്ട രണ്ടു കമ്പനികളിൽ കൂടി ഡയറക്ടറാണ്. കൈക്കൂലിപ്പണം കൈകാര്യം ചെയ്യാനുള്ള കടലാസ് കമ്പനിയാണോ ഇതെന്നും പരിശോധിക്കുന്നുണ്ട്.