മാല മോഷ്ടിച്ചെന്ന് പറഞ്ഞ് ക്രൂരത; പുലർച്ചെ 3.30 വരെ ചോദ്യം ചെയ്യൽ, മാല വീട്ടിൽനിന്നും തന്നെ കിട്ടി, എന്നിട്ടും വീട്ടുജോലിക്കാരി പ്രതി!

Mail This Article
പാലോട് ∙ സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ, വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീക്ക് 20 മണിക്കൂറോളം പൊലീസിന്റെ മാനസിക പീഡനം. ഒടുവിൽ, മോഷ്ടിക്കപ്പെട്ടെന്നു കരുതിയ 18 ഗ്രാം സ്വർണമാല അതേ വീട്ടിൽതന്നെ കണ്ടെത്തിയെങ്കിലും സ്ത്രീ കുറ്റം സമ്മതിച്ചെന്നു കാട്ടി എഫ്ഐആർ റദ്ദാക്കാതെ പൊലീസ് തുടർനിയമ നടപടിക്ക് ! ഇതോടെ കഴിഞ്ഞ മാസം 23നു നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും യുവതി പരാതി നൽകി.
തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിലാണു സംഭവം. പനവൂർ പനയമുട്ടം പാമ്പാടി തോട്ടരികത്തു വീട്ടിൽ ആർ.ബിന്ദുവിനെയാണ് (39) കഴിഞ്ഞ മാസം 23 നു പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി വെള്ളം പോലും നൽകാതെ ‘ചോദ്യം ചെയ്തത്’. വസ്ത്രമഴിച്ചു ദേഹപരിശോധനയും വീട്ടിൽ തിരച്ചിലും നടത്തിയെങ്കിലും മാല കണ്ടുകിട്ടിയില്ല. ഒടുവിൽ, സ്വർണമാല ഉടമയുടെ വീട്ടിൽ തന്നെ കണ്ടെത്തിയെങ്കിലും ബിന്ദുവിനെതിരെയുള്ള എഫ്ഐആർ പൊലീസ് റദ്ദാക്കിയില്ല. കൂലിവേലക്കാരനായ ഭർത്താവും പ്ലസ്ടുവിനും പത്തിലും പഠിക്കുന്ന 2 മക്കളും അടങ്ങുന്നതാണ് കുടുംബം. നഗരത്തിലെ വീടുകളിലും ഫ്ലാറ്റുകളിലും ജോലി ചെയ്തു ലഭിക്കുന്ന വരുമാനമാണ് ബിന്ദുവിന്റെ ആശ്രയം.
ബിന്ദു പറയുന്നത് :
‘കവടിയാറിലെ വീട്ടുജോലിക്കു ശേഷം വൈകിട്ട് 4 ന് ബസ് കാത്തുനിൽക്കുമ്പോഴാണ് സ്റ്റേഷനിലേക്കു ചെല്ലാൻ ഫോൺ വന്നത്. 3 ദിവസം മുൻപ് അമ്പലമുക്കിലെ ഒരു വീട്ടിലാണ് ജോലി ചെയ്തത്. അവിടെനിന്നു 18 ഗ്രാമിന്റെ മാല കാണാതായെന്നും എന്നെയാണു സംശയമെന്നും പറഞ്ഞു. മാല എടുത്തിട്ടില്ലെന്ന് ഞാൻ ആവർത്തിച്ചു പറഞ്ഞു. വനിതാ പൊലീസിനെ കൊണ്ടു വസ്ത്രം അഴിച്ചു പരിശോധിച്ചു. എസ്ഐ ഉൾപ്പെടെ മാലക്കള്ളി എന്ന് വിളിച്ചും അസഭ്യം പറഞ്ഞും മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഫോൺ പിടിച്ചുവാങ്ങി. രാത്രി എട്ടരയോടെ പരാതിക്കാരിയുടെ കാറിൽ പൊലീസ് സംഘം എന്നെ പനയമുട്ടത്തെ വീട്ടിൽ തിരച്ചിലിനായി കൊണ്ടുപോയി. തൊണ്ടിമുതൽ കിട്ടാഞ്ഞതോടെ തിരികെ സ്റ്റേഷനിൽ കൊണ്ടുപോയി.
പുലർച്ചെ 3.30 വരെ ഒരു പൊലീസുകാരൻ അസഭ്യവാക്കുകളോടെ ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചില്ലെങ്കിൽ ഭർത്താവും മക്കളും അടക്കം അകത്താകും എന്നു ഭീഷണിപ്പെടുത്തി. ബന്ധുക്കൾ ഭക്ഷണം എത്തിച്ചെങ്കിലും തന്നില്ല. വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ കയറി കുടിക്കാൻ പറഞ്ഞു. 24ന് ഉച്ചവരെ കസ്റ്റഡിയിലായിരുന്നു. ഉച്ചയോടെ പരാതിക്കാരി സ്റ്റേഷനിലെത്തി എസ്ഐയോടു സംസാരിച്ചു. മാല കിട്ടിയെന്ന് ഒരു പൊലീസുകാരൻ പറയുന്നതും കേട്ടു. എന്നാൽ ആ വിവരം എന്നോടു പറയാതെ പരാതിക്കാരി പറഞ്ഞതിനാൽ വിട്ടയയ്ക്കുന്നു എന്നും ഇനി കവടിയാർ–അമ്പലമുക്ക് ഭാഗങ്ങളിൽ കാണരുതെന്നും പറഞ്ഞു. ഞാൻ പൊലീസിനോടു കുറ്റം സമ്മതിച്ചിട്ടില്ല.’