കെപിസിസിയോട് ഹൈക്കമാൻഡ്: കൂട്ടായ പ്രവർത്തനം വേണം, നീളരുത് പുനഃസംഘടന

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കൂട്ടായ നേതൃശൈലി സ്വീകരിക്കാൻ കെപിസിസിയിലെ പുതിയ ടീമിനു ഹൈക്കമാൻഡ് നിർദേശം നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും നേതൃത്വത്തിൽ ഒരുമിച്ചുനീങ്ങണം. ഇവർ കേരളത്തിൽനിന്നുള്ള പ്രവർത്തകസമിതി അംഗങ്ങൾ, മുൻ കെപിസിസി പ്രസിഡന്റുമാർ എന്നിവരുമായി പ്രധാന രാഷ്ട്രീയ–സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യണം. എംപിമാരെയും വിശ്വാസത്തിലെടുക്കണം. യോജിച്ച പ്രവർത്തനം താഴെത്തട്ടിൽ അടക്കം സൃഷ്ടിക്കുന്ന മാറ്റങ്ങൾ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു നിർണായകമാണെന്ന നിഗമനത്തിലാണു ഹൈക്കമാൻഡ്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ഡൽഹിയിൽ പുതിയ ടീം ആശയവിനിമയം നടത്തിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ദീപ ദാസ്മുൻഷി എന്നിവരുമായും ചർച്ചകളുണ്ടായി. ഐക്യം പ്രയോഗത്തിൽ വരുത്തുന്ന തരത്തിലുള്ള കൂടിയാലോചനകൾ വേണമെന്ന നിർദേശം ഈ ചർച്ചകളിലാണുണ്ടായത്. പുനഃസംഘടനാ ചർച്ചകൾ നീട്ടിക്കൊണ്ടു പോകരുതെന്ന കർശനനിർദേശം എഐസിസി നൽകി. ആദ്യവട്ട ചർച്ചകൾക്കായി കെപിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
അതിനു തുടക്കമിട്ട് മുൻ പ്രസിഡന്റുമാരുടെയും പ്രവർത്തകസമിതി അംഗങ്ങളുടെയും അഭിപ്രായം സണ്ണി ജോസഫ് തേടും. എംപിമാർ, രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ എന്നിവരുമായും ചർച്ചകളുണ്ടാകും. പുനഃസംഘടനാ ദൗത്യം പൂർത്തിയാക്കേണ്ട ചുമതല സണ്ണി ജോസഫിനും വി.ഡി.സതീശനുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് 7–8 മാസം മാത്രമേയുള്ളൂ എന്നതിനാൽ അഴിച്ചുപണി പൂർത്തീകരിക്കണമെന്നും പുനഃസംഘടന കെണിയായി മാറരുതെന്നുമുള്ള തീരുമാനത്തിലാണു നേതൃത്വം. സംഘടനയുടെ നിലവിലെ സ്ഥിതി വിലയിരുത്താനായി 22ന് കെപിസിസിയുടെ നിലവിലുള്ള ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ചേരും.
സുധാകരന്റെ അതൃപ്തി അവഗണിക്കും
കെപിസിസി പ്രസിഡന്റ് പദവിയിൽനിന്ന് ഒഴിവാക്കപ്പെട്ടതിൽ കെ.സുധാകരൻ ആവർത്തിച്ച് പ്രകടിപ്പിക്കുന്ന അതൃപ്തി അവഗണിക്കാനാണു തീരുമാനം. സുധാകരന്റെ പ്രസ്താവനകളോടു പ്രതികരിക്കേണ്ടെന്ന നിർദേശം നേതാക്കൾക്ക് നൽകിയിട്ടുണ്ട്. അതേസമയം, പരസ്യ പ്രതികരണങ്ങൾക്കു മുതിർന്നിട്ടില്ലെങ്കിലും ചില മുതിർന്ന എംപിമാർ അതൃപ്തിയിലാണ്. പുനഃസംഘടനയിൽ പദവി പ്രതീക്ഷിച്ച് നിരാശരായ ഇവരുമായി ദീപ ദാസ്മുൻഷി ആശയ വിനിമയം നടത്തിയേക്കും. യുഡിഎഫ് കൺവീനർ പദവിയിൽ നിന്നു പുറത്തായ എം.എം.ഹസനുമായി വേണുഗോപാലും ദീപ ദാസ്മുൻഷിയും സംസാരിച്ചു. ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നവർക്ക് തുടർന്നുള്ള പുനഃസംഘടനയിൽ പരിഗണന വേണമെന്ന ആവശ്യമാണ് ഹസൻ ഉന്നയിച്ചത്.