കത്തിപ്പുകഞ്ഞ് നഗരസന്ധ്യ; എത്തിയത് മുപ്പതിലധികം അഗ്നിരക്ഷാ യൂണിറ്റുകൾ, കടമുറികൾ അടച്ചിട്ടത് വെല്ലുവിളിയായി

Mail This Article
കോഴിക്കോട്∙ നഗരത്തെ നടുക്കി മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, കോടികളുടെ നഷ്ടമെന്നു പ്രാഥമിക നിഗമനം. തിരക്കേറിയ അവധി ദിവസമാണെങ്കിലും ആളുകളെ നിയന്ത്രിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം. ബാലുശ്ശേരി, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ പുറത്തേക്കു നീക്കിയതിനാൽ അത്യാഹിതം ഒഴിവായി. ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറു വശത്തെ കെട്ടിടത്തിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് തുണി വ്യാപാര സ്ഥാപനത്തോടു ചേർന്നാണ് വൈകിട്ട് അഞ്ചോടെ വൻ തീപിടിത്തമുണ്ടായത്. മരുന്നുകടയുടെ ഗോഡൗണിൽനിന്നാണ് ആദ്യം തീയുയർന്നതെന്ന് ദൃക്സാക്ഷി പറഞ്ഞു. രാത്രി പത്തരയോടെ തീ നിയന്ത്രണ വിധേയമാക്കി. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ പടിഞ്ഞാറേ വശത്ത് ബാലുശ്ശേരി ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ബസ് ബേക്കു സമീപം ഒന്നാംനിലയിലാണ് കാലിക്കറ്റ് ടെക്സ്റ്റൈൽസ് പ്രവർത്തിക്കുന്നത്.
ഇതിനു മുകളിൽ ഷീറ്റ് ഉപയോഗിച്ച് ഉണ്ടാക്കിയ താൽക്കാലിക ഗോഡൗൺ കെട്ടിടത്തിനാണ് ആദ്യം തീപിടിച്ചത്. ഇന്നലെ വൈകിട്ട് 5.05ന് ആണ് പുക ശ്രദ്ധയിൽപെട്ടത്. ഇവിടെ ജോലിയിൽ മുപ്പതിലധികം തൊഴിലാളികളുണ്ടായിരുന്നു. പുക കണ്ടതോടെ സ്ത്രീകളടക്കമുള്ള ജീവനക്കാരെ പുറത്തിറക്കി. നിമിഷങ്ങൾക്കകം എസിപി ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി. താഴെ നിലയിലുള്ള കടകളിലെ ആളുകളെ പുറത്തിറക്കി. താഴെ ചായക്കടകളിൽ ഗ്യാസ് സിലിണ്ടറുകളുണ്ട്. പുസ്തകക്കടകളും മരുന്നുകടകളും ചെരിപ്പു കടകളുമുണ്ട്. ഈ ഭാഗത്തെ ബസുകൾ പൂർണമായും പുറത്തേക്കു മാറ്റി.

വിവിധ അഗ്നിരക്ഷാ നിലയങ്ങളിൽനിന്ന് യൂണിറ്റുകൾ എത്തിയെങ്കിലും തീ നിയന്ത്രിക്കാനായില്ല. കറുത്ത പുക നിറഞ്ഞതിനാൽ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കാനാകാത്ത സ്ഥിതിയായിരുന്നു. പുറത്തുനിന്ന് വെള്ളം ചീറ്റിച്ചെങ്കിലും ചുമരിനോടു ചേർന്ന് അട്ടിയിട്ട തുണികളിലെ തീ മാത്രമാണ് കെടുത്താനായിരുന്നത്. മധ്യഭാഗം അപ്പോഴും ആളിക്കത്തുകയായിരുന്നു. 6.40ന് കോഴിക്കോട് വിമാനത്താവളത്തിലൈ കെമിക്കൽ ഡിസ്റ്റിംഗ്വിഷർ ക്രാഷ് ടെൻഡർ യന്ത്രമെത്തി. 6.50ന് താൽക്കാലിക ഷെഡ്ഡിൽനിന്നു താഴെയുള്ള ഒന്നാംനിലയിലേക്ക് തീ പടർന്നതോടെ കടയുടമകൾ വലിയ ശബ്ദത്തിൽ നിലവിളിച്ചു.
ഇവിടെ തുണി മൊത്തക്കച്ചവട സ്ഥാപനത്തിലെ കെട്ടുകൾക്ക് തീപിടിച്ചതോടെ പുകയുടെ കട്ടി കൂടി. കഴിഞ്ഞ ദിവസം എത്തിച്ച യൂണിഫോം തുണിത്തരങ്ങൾ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. 7.15ന് കരിപ്പൂരിൽനിന്നുള്ള യന്ത്രം പ്രവർത്തിപ്പിക്കാൻ തുടങ്ങി. കെട്ടിടത്തിന്റെ മറ്റേ മൂലയിലുള്ള കാലിക്കറ്റ് ഫാഷൻ ബസാർ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ താഴെ നിലയിലുള്ള മെഡിക്കൽ ഷോപ്പിലേക്കും തീ പടർന്നു. മന്ത്രി എ.കെ.ശശീന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മേയർ ബീന ഫിലിപ്, കലക്ടർ സ്നേഹിൽകുമാർ സിങ്, ഐജി രാജ്പാൽ മീണ, സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ തുടങ്ങിയവർ സ്ഥലത്തെത്തി.
വെല്ലുവിളിയായി രക്ഷാപ്രവർത്തനം
കോഴിക്കോട്∙ തീപിടിച്ചത് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറേ ബസ് ബേയോടു ചേർന്നുള്ള കെട്ടിടത്തിനു മുകളിലെ താൽക്കാലിക കെട്ടിടത്തിനാണ്. ഇവിടെ വാടകയ്ക്ക് എടുത്ത കടയുടമകൾ മുറി കെട്ടിയടച്ച് സൗകര്യങ്ങൾ ഒരുക്കുകയാണ് ചെയ്യുന്നത്. ഈ ഭാഗം ഷീറ്റു കൊണ്ടു കെട്ടി മറച്ചതാണ്. എയർകണ്ടീഷൻ ചെയ്തതുമാണ്. ഇവിടെയുള്ള ഒട്ടുമിക്ക കടകളും എസി വയ്ക്കാനായി അടച്ചുകെട്ടിയിരുന്നു. പല കടമുറികളും അടച്ചിട്ടിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിനു വെല്ലുവിളി നേരിട്ടു. ഇവിടെയുണ്ടായിരുന്ന പരസ്യ ബോർഡുകളും അഗ്നിരക്ഷാസേനയ്ക്കു ബുദ്ധിമുട്ടായി. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് പരസ്യബോർഡുകൾ തകർത്ത ശേഷമാണ് ഇവിടെ തീ നിയന്ത്രിക്കാൻ ശ്രമം തുടങ്ങിയത്.