കൂടുതൽ പൊലീസുകാർക്കെതിരെ നടപടി വേണം: ബിന്ദു

Mail This Article
പാലോട് ∙ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തത് സന്തോഷമുള്ളതാണെങ്കിലും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത് പൊലീസുകാർക്ക് അടക്കമുള്ളവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പൊലീസ് സ്റ്റേഷനിൽ മോഷണക്കുറ്റമാരോപിച്ച് പീഡനം സഹിക്കേണ്ടിവന്ന ബിന്ദു. വീട്ടുടമ ഓമന ഡാനിയേലിനെതിരെയും പരാതി നൽകും. കാണാതായ മാല വീട്ടിൽനിന്ന് തന്നെ കിട്ടിയിട്ടും ക്ഷമ പോലും പറയാൻ അവർ ഇതുവരെ തയാറായിട്ടില്ല.
താൻ ആത്മഹത്യയുടെ വക്കിലെത്തിയിരുന്നുവെന്നും ഇനി നീതി കിട്ടിയാൽ മാത്രമേ ജീവിക്കാൻ കഴിയുവെന്നും ബിന്ദു പറഞ്ഞു. മാലമോഷണക്കേസിൽ പൊലീസിന്റെ കടുത്ത മാനസിക പീഡനവും അവഹേളനവും ഏൽക്കേണ്ടി വന്നു. കേട്ടാൽ അറയ്ക്കുന്ന അസഭ്യവും ഭീഷണിയുമായിരുന്നു രാത്രി മുഴുവൻ. കുടുംബത്തിന്റെ പിന്തുണ കൊണ്ടുമാത്രമാണ് മാനസിക നില വീണ്ടെടുത്തതെന്നും ബിന്ദു പറഞ്ഞു.
പൊലീസിന്റെ വീഴ്ചകൾ
∙ മോഷണം നടന്നു എന്നുറപ്പാക്കാതെ പ്രതിയെ തീരുമാനിച്ചു. മോഷണം നടന്നു എന്ന് ആരോപിക്കപ്പെട്ട വീടോ സ്ഥലമോ പൊലീസ് പരിശോധിച്ചില്ല.
∙ സ്ത്രീകളെ രാത്രിയിൽ സ്റ്റേഷനിൽ പാർപ്പിക്കരുതെന്നാണ് ചട്ടം. രാത്രിയിൽ അറസ്റ്റ് രേഖപ്പെടുത്തണമെങ്കിൽ മജിസ്ട്രേട്ടിന്റെ അനുമതി വേണം. എന്നാൽ കസ്റ്റഡിപോലും രേഖപ്പെടുത്താതെയാണ് ബിന്ദുവിനെ സ്റ്റേഷനിൽ നിർത്തിയത്.
∙ കസ്റ്റഡിയിലെടുത്ത വിവരം ബന്ധുവിനെയോ സുഹൃത്തിനെയോ അറിയിക്കണമെന്നാണു ചട്ടം. രാത്രിയായിട്ടും വീട്ടുകാരെ അറിയിച്ചില്ല. മക്കളുടെ ഫോൺ എടുക്കാൻ സമ്മതിച്ചില്ല.
∙ മോഷണ മുതൽ ഉണ്ടെന്ന് ഉറപ്പോ മൊഴിയോ കിട്ടാതെ രാത്രി 9 ന് ബിന്ദുവിനെയും കൂട്ടി വീട്ടിൽ തെളിവെടുപ്പിനു പോകാൻ പൊലീസിന്റെ അമിതാവേശം.
∙ കൊടിയ കുറ്റവാളികൾക്ക് പോലും ഭക്ഷണം വാങ്ങി നൽകും. എന്നിട്ടും ബിന്ദുവിനെ 20 മണിക്കൂർ പട്ടിണിക്കിട്ടു.
പരാതി അവഗണിച്ചില്ല: പി.ശശി
തിരുവനന്തപുരം ∙ ബിന്ദുവിന്റെ പരാതി അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. പരാതി ഗൗരവത്തോടെയാണ് കണ്ടത്. മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിനും നടപടിക്കും നിർദേശിച്ചു– ശശി പ്രതികരിച്ചു.
നഷ്ടപരിഹാരം നൽകണം: സണ്ണി ജോസഫ്
∙ ബിന്ദുവിനെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹമാണെന്നും അടിയന്തരമായി ഒഴിവാക്കണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബിന്ദുവിനെ വീട്ടിലെത്തി സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. ആരോപണവിധേയനായ രണ്ടു പൊലീസുകാർക്കെതിരെയും നടപടി വേണം. ബിന്ദുവിനുണ്ടായ മാനസിക പീഡനത്തിന് പരിഹാരം കാണാൻ മുഖ്യമന്ത്രി ഇടപെടണം. നഷ്ടപരിഹാരവും നൽകണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പരാതി സ്വീകരിക്കാത്തത് വീഴ്ചയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം: മനുഷ്യാവകാശ കമ്മിഷൻ
∙ ദലിത് സ്ത്രീയെ 20 മണിക്കൂർ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇതെക്കുറിച്ച് ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡിവൈഎസ്പി , അസി. കമ്മിഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണം. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം കമ്മിഷന് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
സമൂഹമാധ്യമ പോസ്റ്റ് തിരുത്തി പി.കെ. ശ്രീമതി
കണ്ണൂർ ∙ പേരൂർക്കടയിൽ വീട്ടുജോലിക്കാരിയായ ആർ.ബിന്ദുവിനെ പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ സമൂഹമാധ്യമത്തിൽ പ്രതികരിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി പോസ്റ്റ് തിരുത്തി. എസ്ഐയെ സസ്പെൻഡ് ചെയ്ത നടപടിയെ സ്വാഗതം ചെയ്തുള്ള പോസ്റ്റിൽ ബിന്ദുവിനെ അപമാനിച്ച മറ്റുള്ളവർക്കെതിരെയും അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഇത് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതോടെ, മറ്റുള്ളവർക്കെതിരെയും അന്വേഷണം വേണമെന്നത് മറ്റു പൊലീസുകാർക്കെതിരെയും അന്വേഷണം വേണമെന്നു തിരുത്തുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിയുമായി ചെന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാതി അവഗണിച്ചതായി ബിന്ദു ആരോപിച്ചിരുന്നു. എന്നാൽ, ഇതു ശരിയല്ലെന്നും മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിനും നടപടിക്കും നിർദേശിക്കുകയാണുണ്ടായതെന്നും ശശി പിന്നീടു വെളിപ്പെടുത്തി. ശശിയുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നാണ് ശ്രീമതി പറയുന്നതിന്റെ പൊരുളെന്ന തരത്തിൽ വ്യാഖ്യാനങ്ങളും കമന്റുകളും വന്നതോടെയാണ് പോസ്റ്റ് തിരുത്തിയതെന്നാണു വിവരം.