ഇല്ലാത്ത മോഷണത്തിന്റെ പേരിൽ പീഡനം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

Mail This Article
തിരുവനന്തപുരം∙ ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീ മാനസിക പീഡനത്തിന് ഇരയായ സംഭവത്തിൽ പുനരന്വേഷണത്തിന് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് ഉത്തരവിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും. അതേസമയം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ, സസ്പെൻഷനിലായ എസ്ഐക്ക് പുറമേ രണ്ടു പൊലീസുകാരുടെ കൂടി വീഴ്ച വ്യക്തമായതിനാൽ അവർക്കെതിരെയും ഉടൻ നടപടിയുണ്ടാകും. മോഷണക്കേസിലെ നടപടിക്രമങ്ങൾ ലംഘിച്ചെന്നു മാത്രമല്ല മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായെന്നാണു വിവരം.
തെളിവെടുപ്പിനു കൊണ്ടുപോയത് തന്റെ വാഹനത്തിലാണെന്നും തിരികെ കൊണ്ടുവരുന്ന വഴി കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ അസഭ്യവർഷമായിരുന്നുവെന്നുമാണ് ബിന്ദുവിന്റെ മൊഴി. അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം ഇന്ന് നടപടി ഉണ്ടായേക്കും. അതേസമയം മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയപ്പോൾ മോശം പെരുമാറ്റമുണ്ടായി എന്ന ആക്ഷേപത്തിൽ അന്വേഷണത്തിന് സാധ്യതയില്ല. ഡിജിപിക്കു നൽകിയ പരാതിയിൽ തുടർനടപടി വൈകിയതിലും ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.
തനിക്കെതിരെ വ്യാജപരാതി നൽകിയ വീട്ടുടമയ്ക്കെതിരെയും മാനസികമായ ഉപദ്രവിച്ച എല്ലാ പൊലീസുകാർക്കെതിരെയും നടപടി ആവശ്യപ്പെട്ട് ബിന്ദു ഇന്ന് പരാതി നൽകും. അതേസമയം ഇന്നലെ ബിന്ദുവിനെ സന്ദർശിച്ച മന്ത്രി വി. ശിവൻകുട്ടി സർക്കാർ ഒപ്പമുണ്ടെന്നറിയിച്ചു. മുഖ്യമന്ത്രി പൊലീസ് നടപടിയെ തള്ളിപ്പറയുകയും ചെയ്തു. വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി സംഭവത്തിൽ റിപ്പോർട്ട് തേടി. എസ്‌സി എസ്ടി കമ്മിഷന് നേരത്തേ തന്നെ പരാതി ലഭിച്ചിരുന്നുവെന്നാണു വിവരം.