ഷുഹൈബ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ: കുടുംബത്തിന്റെ ആവശ്യത്തിൽ തീരുമാനം വൈകിച്ച് സർക്കാർ

Mail This Article
തിരുവനന്തപുരം∙ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം തടയാൻ ലക്ഷങ്ങൾ മുടക്കി സുപ്രീംകോടതി വരെ പോയ സർക്കാർ, വിചാരണയ്ക്കു സ്പെഷൽ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ടുള്ള ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യത്തിനും തടയിടുന്നു. സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടർമാരെ വിശ്വാസമില്ലാത്തതിനാൽ സ്പെഷൽ പ്രോസിക്യൂട്ടറെ തങ്ങളുടെ ചെലവിൽ ചുമതലപ്പെടുത്താൻ അനുമതി നൽകണമെന്ന അപേക്ഷയിൽ രണ്ടുമാസം കഴിഞ്ഞിട്ടും തീരുമാനമെടുത്തില്ല. ഇതു കേസിന്റെ വിചാരണാ നടപടികളെ ബാധിക്കും. സിപിഎം പ്രവർത്തകരാണു കേസിൽ പ്രതികൾ.
സിബിഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ എതിർക്കാൻ പുറമേനിന്ന് അഭിഭാഷകരെ ഇറക്കി 86.40 ലക്ഷം രൂപയാണു ഖജനാവിൽനിന്നു മുടക്കിയത്. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നു ഷുഹൈബിനെ 2018 ഫെബ്രുവരി 12നു സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. പൊലീസ് അന്വേഷണം സിപിഎമ്മുകാരായ പ്രതികൾക്ക് അനുകൂലമാണെന്നാരോപിച്ച്, സിബിഐ അന്വേഷണമാവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയിലെത്തി അനുകൂല വിധി നേടിയിരുന്നു. എന്നാൽ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി ഈ ഉത്തരവ് റദ്ദാക്കി. കുടുംബം സുപ്രീംകോടതിയിലെത്തിയപ്പോൾ അവിടെയും സർക്കാർ എതിർത്തു.