ADVERTISEMENT

കോലഞ്ചേരി∙ മറ്റക്കുഴിയിലെ പെൺകുഞ്ഞിനെ ചാലക്കുടി പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയ അമ്മയെ റിമാൻഡ് ചെയ്യാൻ ചെങ്ങമനാട് സ്റ്റേഷനിൽ നിന്നു കൊണ്ടുപോയതിനു ശേഷമാണു പോസ്റ്റ്മോർട്ടത്തിലെ നിഗമനങ്ങൾ പൊലീസ് അറിഞ്ഞത്. ഇതോടെ അമ്മയെ സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്ന് ഒരു മണിക്കൂർ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലാണു കേസിനു വഴിത്തിരിവുണ്ടാക്കിയ അറസ്റ്റിലേക്ക് നീങ്ങിയത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് പൊലീസും അടുത്ത ബന്ധുക്കളെ നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു. കുഞ്ഞുമായി അടുത്ത് ഇടപഴകിയവരെ സംസ്കാര ചടങ്ങുകൾക്കിടയിലും നിരീക്ഷിച്ചു. കുഞ്ഞ് താമസിച്ചിരുന്ന ചെറിയ വീട്ടിൽ മാതാപിതാക്കൾക്കു പുറമേ ഏകസഹോദരനും ഉണ്ടായിരുന്നെങ്കിലും കുടുംബത്തിലെ പ്രശ്നങ്ങൾ കാരണം കുട്ടികൾ രണ്ടുപേരും പലപ്പോഴും തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് തങ്ങിയിരുന്നത്. മുത്തച്ഛനും മുത്തശ്ശിക്കും പുറമേ പിതാവിന്റെ അവിവാഹിതരായ രണ്ടു സഹോദരന്മാരാണ് അവിടെ താമസിച്ചിരുന്നത്.

സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ പുത്തൻകുരിശ് പൊലീസിനു പ്രതിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞില്ല. എന്നാൽ ചടങ്ങുകൾക്കു ശേഷം പ്രതി കടന്നുകളയുന്നത് തടയാൻ എല്ലാ മുൻകരുതലുകളും പൊലീസ് സ്വീകരിച്ചിരുന്നു. പെൺകുഞ്ഞ് പീഡിപ്പിക്കപ്പെട്ട വിവരം അന്വേഷണ സംഘം അതീവരഹസ്യമായി സൂക്ഷിച്ചു. അടുത്ത ബന്ധുക്കളോടെല്ലാം സഹാനുഭൂതിയോടെ പെരുമാറിയ പൊലീസ് ഒരു തരത്തിലും പ്രതി സംശയിക്കപ്പെടുന്നു എന്ന തോന്നൽ നൽകിയില്ല. 

ചടങ്ങുകൾ‌ അവസാനിച്ച ശേഷം മൂന്നു ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഇതിനൊപ്പമാണു പ്രതിയെയും പൊലീസ് ചോദ്യം ചെയ്തത്. 19നാണു കൊലപാതകം നടന്നത്. കുട്ടിയെ പീഡിപ്പിച്ച പ്രതിയെ 20നു രാത്രിയോടെ പൊലീസ് ഏതാണ്ടു തിരിച്ചറിഞ്ഞെങ്കിലും അറസ്റ്റ് ഒഴിവാക്കി. പ്രതിയെ മാത്രം പിറ്റേന്നു രാവിലെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്തു. അപ്രതീക്ഷിതമായ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിനു മുന്നിൽ പിടിച്ചു നി‍ൽക്കാൻ കഴിയാതെ പ്രതി കുറ്റസമ്മതം നടത്തി. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഫൊറൻസിക് സംഘം കുട്ടിയും പ്രതിയും താമസിച്ചിരുന്നു വീടുകളിലെത്തി. പ്രതിയുടെ വസ്ത്രങ്ങളും കുട്ടിയുടെ ഉടുപ്പുകൾ, കിടക്കവിരി എന്നിവയും പരിശോധനയ്ക്കു വേണ്ടി ശേഖരിച്ചു. മാതാവിനെയും പ്രതിയെയും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ ഈ കേസിൽ ഇനിയും കൂടുതൽ കുറ്റകൃത്യങ്ങൾ പുറത്തുവരാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. 

പ്രതിയെ അറിഞ്ഞപ്പോൾ നാടിന് നടുക്കം 

മറ്റക്കുഴി ∙ നാലു വയസ്സുകാരിയെ പീഡിപ്പിച്ച കുറ്റത്തിനു പിതാവിന്റെ സഹോദരനെ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത വിവരം നാട്ടുകാർ കേട്ടത് നടുക്കത്തോടെ. കുട്ടിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഇയാൾക്കു ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു. എന്നാൽ കസ്റ്റഡിയിലെടുത്ത ശേഷം പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ സ്വഭാവ വൈകൃതത്തിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ ഇയാളെ ഏറെ ദു:ഖിതനായാണ് കാണപ്പെട്ടത്. പ്രതിയുടെ മെഡിക്കൽ പരിശോധന മൂവാറ്റുപുഴ ഗവ. ആശുപത്രിയിൽ നടന്നു. 

ചോദ്യം ചെയ്യൽ തുടങ്ങി; അമ്മ മൗനത്തിൽ  

നെടുമ്പാശേരി∙ കുട്ടിയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മയുടെ വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചു. 7 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും 5 ദിവസത്തെ കസ്റ്റഡിയാണു മജിസ്ട്രേട്ട് കോടതി ചെങ്ങമനാട് പൊലീസിന് അനുവദിച്ചത്. ഇന്നലെ  പൊലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ അമ്മ മൗനിയായിരുന്നു. മാനസികമായി തകർന്ന നിലയിലാണ് ഇവർ. ചോദ്യം ചെയ്യലിനു ശേഷം വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കും. കുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഇവരുടെ ബന്ധുവിനെയും അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യംചെയ്യും.

അന്ന് കൂടുതൽ കരഞ്ഞത് പ്രതി

കൊല്ലപ്പെടുന്നതിന് 24 മണിക്കൂർ മുൻപു പോലും പീഡനം നടന്നതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതിനെത്തുടർന്ന് കുട്ടിയോട് ആ സമയം അടുത്തിടപഴകിയവരിലേക്കുള്ള അന്വേഷണമാണ് അടുത്ത ബന്ധുവായ കെ.വി.സുഹാഷിലേക്ക് എത്തിയത്. കുറ്റസമ്മതം നടത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.

പലതവണ കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മരണവാർത്തയറിഞ്ഞ് കുഞ്ഞിന്റെ പിതാവിനേക്കാൾ വികാരാധീനനായാണ് സുഹാഷ് പെരുമാറിയിരുന്നത്. കഴിഞ്ഞ ദിവസം നടന്ന സംസ്കാരച്ചടങ്ങുകളിലും വിങ്ങിപ്പൊട്ടിയാണ് ഇയാൾ പങ്കെടുത്തത്.

ജീവനോടെ പുഴയിൽ എറിയപ്പെട്ട കുഞ്ഞ് ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പീഡനത്തിന്റെ സൂചനകളായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ പുഴയിലെറിഞ്ഞതിന് അറസ്റ്റ് ചെയ്യപ്പെട്ട അമ്മയെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. അഡിഷനൽ എസ്‌പി എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു 2 കേസുകളും അന്വേഷിക്കുന്നത്.

English Summary:

Kerala Child Murder: Kolenchery child murder case reveals shocking details after a post-mortem report prompted arrests.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com