ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് എന്ന പേരിൽ സർക്കാർ അവതരിപ്പിച്ച കെ ഫോണും നിവൃത്തിയില്ലാതെ സർക്കാരിന്റെ ‘ഫ്യൂസ്’ ഊരി. ഒരു വർഷമായി ബില്ലടയ്ക്കാത്ത എല്ലാ സർക്കാർ ഓഫിസുകളുടെയും സ്കൂളുകളുടെയും കെ ഫോൺ കണക്‌ഷൻ കട്ടായി. ഫലത്തിൽ ഇവിടെയെല്ലാം ഇന്റർനെറ്റ് നിലയ്ക്കും. 10 ദിവസത്തിനകം സ്കൂളുകൾ തുറക്കാനിരിക്കെയാണ് ഈ പ്രതിസന്ധി. കുടിശിക കാരണം കംപ്യൂട്ടർ സംവിധാനം സ്വയം സ്വീകരിച്ച നടപടിയാണെന്നും അപേക്ഷ നൽകിയാൽ കണക‍്‍ഷൻ പുനഃസ്ഥാപിക്കുമെന്നുമാണു കെ ഫോണിന്റെ വിശദീകരണം. എന്നാൽ, 10 ദിവസത്തിനുള്ളിൽ കുടിശിക അടച്ചുതീർക്കാമെന്ന ഉറപ്പോടെയാണ് അപേക്ഷ നൽകേണ്ടത്.

ഇക്കാരണത്താൽ പല സ്ഥാപനങ്ങളും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. 2023 ജൂണിൽ പ്രവർത്തനം തുടങ്ങിയതു മുതൽ ഇതുവരെ ഒരു ലക്ഷത്തിലേറെ കണക്‌ഷനുകൾ നൽകിയെന്നാണു കെഫോണിന്റെ കണക്ക്. ഇതിൽ 30,438 കണക്‌ഷനുകളും സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലുമാണ്. ഇതിൽ 23,082 കണക്‌ഷനുകൾ ഉപയോഗത്തിലുണ്ട്. പതിനായിരത്തിലധികവും സ്കൂളുകളിലാണ്. വിവിധ സർക്കാർ വകുപ്പുകൾക്കായി ഇക്കൊല്ലം മാർച്ച് വരെ 33.5 കോടി രൂപയുടെ ബിൽ അയച്ചതിൽ ഒരു കോടിയിൽ താഴെ രൂപ മാത്രമേ കിട്ടിയിട്ടുള്ളൂ. ഒരു വർഷത്തിലധികം ബിൽ കുടിശികയായ ആയിരത്തിലധികം സ്ഥാപനങ്ങളുടെ കണക്‌ഷൻ കട്ട് ചെയ്തു. കണക്‌ഷൻ വിവിധ സമയങ്ങളിലായി എടുത്തതായതിനാൽ റദ്ദാക്കൽ ഒരേസമയത്തല്ല. 

ആരാ അടയ്ക്കേണ്ടത് ? ആ !

ബിൽ അടയ്ക്കേണ്ടതു സർക്കാരോ വകുപ്പോ സ്ഥാപനമോ എന്നതിൽ ഇപ്പോഴും തീരുമാനമില്ല. സെക്രട്ടേറിയറ്റ്, നിയമസഭാ സെക്രട്ടേറിയറ്റ്, ടെക്നോ പാർക്ക് എന്നിവയൊഴികെയുള്ള സ്ഥാപനങ്ങൾ ബിൽ അടച്ചിട്ടില്ല. അടയ്ക്കാൻ ബാധ്യതയില്ലെന്നു പറഞ്ഞ് പലരും ബിൽ മടക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതിവിഹിതം സർക്കാർ പകുതിയായി വെട്ടിക്കുറച്ചതാണു പല വകുപ്പുകളും കാരണമായി പറയുന്നത്. സർക്കാരിന്റെ നിർദേശപ്രകാരം കണക്‌ഷൻ നൽകിയ സ്ഥാപനങ്ങളുടെ ബിൽത്തുക ഓരോ വർഷവും ബജറ്റിൽ ഉൾപ്പെടുത്തി ഗഡുക്കളായി കെ ഫോണിനു നൽകുമെന്നായിരുന്നു ആദ്യത്തെ ധാരണ. ധനവകുപ്പ് എതിർത്തതിനാൽ ഇതു നടപ്പായില്ല. പകരം സംവിധാനം ഏർപ്പെടുത്തിയതുമില്ല. 

English Summary:

K-FON Cuts Internet: Over 10,000 Kerala Schools Affected Before Reopening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com