മത്സ്യമേഖല ആശങ്കയിലെന്ന് വിദഗ്ധർ; ഒഴുക്കിന്റെ ഗതിയനുസരിച്ച് എണ്ണ പരക്കുന്നതു തെക്കൻ ജില്ലകളിലേക്കാകും

Mail This Article
കൊച്ചി∙ അപകടത്തിൽപെട്ട ചരക്കു കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ചയിൽ മത്സ്യമേഖല കടുത്ത ആശങ്കയിൽ. ഏതു തരം ഇന്ധനവും ഒഴുകിപ്പരക്കുന്നതു സമുദ്ര പരിസ്ഥിതിയിൽ ആഘാതമുണ്ടാക്കുമെന്നും ഇതു മത്സ്യസമ്പത്തിനെ ബാധിക്കുമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. കപ്പലിലെ കണ്ടെയ്നറുകളിൽ നിന്നുള്ള സാധനങ്ങൾ വെള്ളത്തിൽ കലരുന്ന സാഹചര്യമുണ്ടായാൽ അപകട സാധ്യത ഏറും. സമുദ്ര പരിസ്ഥിതിയിലും മത്സ്യ മേഖലയിലും എണ്ണച്ചോർച്ച മൂലമുള്ള അടിയന്തര ആഘാതവും ദീർഘകാല ആഘാതവും വേറിട്ടു തന്നെ പഠന വിധേയമാക്കണമെന്നു സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. എണ്ണപ്പാട പരക്കുന്നതു മത്സ്യം ഉൾപ്പെടെ അതിലോല സമുദ്രജീവികളെ പെട്ടെന്നു ബാധിക്കും.
മെച്ചപ്പെട്ട വേനൽമഴ കിട്ടുകയും കാലവർഷം നേരത്തേ എത്തുകയും ചെയ്തതോടെ ഈ വർഷം മികച്ച മത്സ്യസമ്പത്ത് പ്രതീക്ഷിച്ചിരുന്നു. ഈ കാലാവസ്ഥയിൽ ചെറിയ ഉപരിതല മത്സ്യങ്ങളും തീരത്തോടു ചേർന്നു കാണപ്പെടുന്ന മീനുകളും സജീവമാകുകയും പ്രത്യുൽപാദനം ഏറുകയും ചെയ്യുന്നതാണ്. മഴയാരംഭത്തിൽ പോഷക സമ്പുഷ്ടമായ എക്കൽ കടലിലേക്ക് ഒഴുകിയെത്തുന്നതും മത്സ്യസമ്പത്തിന് അനുകൂലഘടകമാണ്. ഈ സമയത്തുണ്ടാകുന്ന എണ്ണച്ചോർച്ച മത്സ്യസമ്പത്തിനെയും മത്സ്യ ബന്ധനത്തെയും ബാധിക്കും. എണ്ണച്ചോർച്ചയുടെ ആഘാതം മനസ്സിലാക്കാൻ എത്ര വിസ്തൃതിയിൽ, എത്രത്തോളം ചോർന്നുവെന്ന് അറിയണം. സിഎംഎഫ്ആർഐയുടെ എൻവയൺമെന്റ് മാനേജ്മെന്റ് ഡിവിഷൻ സാംപിൾ പഠനങ്ങൾ നടത്തുമെന്നും ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.
കടലിൽ എണ്ണ കാണപ്പെടുന്നതിന്റെ തോതനുസരിച്ച് മത്സ്യബന്ധനം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വരുമെന്ന് ഇൻകോയ്സ് ഡയറക്ടർ ഡോ. ബാലകൃഷ്ണൻ നായർ പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ വടക്കൻ ജില്ലകളിൽ പ്രശ്നമില്ല. ഒഴുക്കിന്റെ ഗതി തെക്കോട്ട് ആയതിനാൽ എണ്ണ പരക്കുന്നതു തെക്കൻ ജില്ലകളിലേക്കാകും. തീരങ്ങളിൽ ഇതിന്റെ അംശം കാണപ്പെടാൻ 48 മണിക്കൂർ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണച്ചോർച്ച പോലെയുള്ള സാഹചര്യങ്ങൾ നേരിടാനുള്ള വൈദഗ്ധ്യം കോസ്റ്റ് ഗാർഡിന് ഉള്ളതിനാൽ അടിയന്തര ആഘാതം പരമാവധി കുറയ്ക്കാൻ കഴിയുമെന്ന് ഫിഷറീസ് ശാസ്ത്രജ്ഞനായ ഡോ. സുനിൽ മുഹമ്മദ് പറഞ്ഞു. എന്നാൽ, സമുദ്രപരിസ്ഥിതിയിൽ ഇതുണ്ടാക്കുന്ന ദീർഘകാല ആഘാതം പഠനവിധേയമാക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു