എക്സാലോജിക്: എസ്എഫ്ഒഐ ധാരണ ലംഘിച്ചെന്ന് ഡൽഹി ഹൈക്കോടതി

Mail This Article
ന്യൂഡൽഹി ∙ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടു കേസിൽ അന്വേഷണം പൂർത്തിയാക്കിയാലും കുറ്റപത്രം നൽകില്ലെന്നു കേന്ദ്രം വാക്കാൽ ഉറപ്പു നൽകിയിരുന്നുവെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഈ ഉറപ്പു ലംഘിച്ചാണ് എസ്എഫ്ഒഐ തുടർനടപടി സ്വീകരിച്ചതെന്നു ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു. കേസ് മറ്റൊരു ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ കൂടുതൽ പറയുന്നില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു തിരികെവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎലിന് ആശ്വാസമാണു ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജികളിൽ തീർപ്പുണ്ടാകുന്നതു വരെ അന്വേഷണ ഏജൻസികൾ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യരുതെന്നു ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് സെപ്റ്റംബർ 2ന് പറഞ്ഞിരുന്നു.
ഈ നിർദേശം എസ്എഫ്ഐഒ ലംഘിച്ചെന്നും ഇതു കോടതിയലക്ഷ്യമാണെന്നുമാണെന്നും സിഎംആർഎൽ വാദിച്ചിരുന്നു. ഈ സാഹചര്യത്തിലാണു കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഗിരീഷ് കത്പാലിയ മുൻപ് കേട്ടിരുന്ന ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിനു വിട്ടത്. അന്വേഷണം തുടരാമെങ്കിലും ഹർജി തീർപ്പാക്കുന്നതുവരെ ഒരു പരാതിയും സമർപ്പിക്കില്ലെന്ന ധാരണ കക്ഷികൾക്കിടയിലുണ്ടായിരുന്നുവെന്നു ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വ്യക്തമാക്കി. ‘അന്വേഷണ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. എങ്കിലും കോടതിയിൽ ഉറപ്പു നൽകിയിട്ടും എന്തിനാണു തുടർനടപടി സ്വീകരിച്ചതെന്നതാണ് എന്നെ വലയ്ക്കുന്നത്’– അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയോട് അദ്ദേഹം പറഞ്ഞു. ഹർജിയിലെ തുടർനടപടി ഇനി ചീഫ് ജസ്റ്റിസ് തീരുമാനിക്കും.