സിവിൽ സർവീസ് പ്രവേശനത്തിന് വ്യാജരേഖ; കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥനും സംശയനിഴലിൽ

Mail This Article
ന്യൂഡൽഹി ∙ കേരളത്തിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനടക്കം 15 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചു. 2015 മുതൽ 2023 വരെ സിവിൽ സർവീസ് പരീക്ഷയെഴുതിയ ഇവർ തെറ്റായതോ വ്യാജമായതോ ആയ ജാതി, വരുമാന, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
വിജയ് കുംഭർ എന്ന വിവരാവകാശപ്രവർത്തകൻ യുപിഎസ്‍സിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര പഴ്സനേൽ വകുപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. 11 ഐഎഎസ്, 2 ഐപിഎസ്, 1 ഐഎഫ്എസ്, 1 ഐആർഎസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് തേടിയിരിക്കുന്നത്. ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.
രാജസ്ഥാൻ (2), യുപി (2), ഹരിയാന (2), ഒഡീഷ (1), ബിഹാർ (1), മധ്യപ്രദേശ് (1), മഹാരാഷ്ട്ര (1), കേരളം (1), ആഭ്യന്തര മന്ത്രാലയം (2), കേന്ദ്ര റവന്യു വകുപ്പ് (1), വിദേശകാര്യമന്ത്രാലയം (1) എന്നിങ്ങനെയാണ് ഉദ്യോഗസ്ഥരുടെ കണക്ക്. 22 ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതിയുയർന്നതെങ്കിലും 15 പേരുടെ കാര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്.
2022 ലെ സിവിൽ സർവീസ് പരീക്ഷയിൽ 821–ാം റാങ്ക് നേടിയ പൂജ ഖേദ്കർ വ്യാജരേഖകളിലൂടെയാണ് ഐഎഎസ് നേടിയതെന്നു കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ മാനദണ്ഡങ്ങളിൽ യുപിഎസ്‌സി മാറ്റം വരുത്തിയിരുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് പ്രിലിമിനറി പരീക്ഷയുടെ ഘട്ടത്തിൽ തന്നെ വിദ്യാഭ്യാസ, ജാതി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം.