പോയിന്റ് നിമോയിൽ ദിൽന ആഘോഷിച്ചു, വിവാഹവാർഷികം

Mail This Article
വാസ്കോഡഗാമ (ഗോവ) ∙ ‘ഭൂമിയിലെ ഏതു കരയിൽ നിന്നായാലും ഏറ്റവും അകലെയുള്ള സ്ഥലമായ പോയിന്റ് നിമോയിൽ വിവാഹ വാർഷികം ആഘോഷിച്ച ലോകത്തെ ആദ്യ വ്യക്തിയാകും ഞാൻ. ഏറ്റവുമടുത്തു മനുഷ്യസാന്നിധ്യമുള്ള സ്ഥലം രാജ്യാന്തര ബഹിരാകാശ നിലയം മാത്രമായതിനാൽ ആഘോഷിക്കാൻ ഞാനും രൂപയും മാത്രമേ ഉണ്ടായുള്ളൂ.’ കോഴിക്കോട് പറമ്പിൽക്കടവ് സ്വദേശിനി ലഫ്. കമാൻഡർ കെ.ദിൽനയുടെ ചിരിയോടെയുള്ള വാക്കുകൾ നാവിക ഉദ്യോഗസ്ഥർ തിങ്ങിനിറഞ്ഞ സദസ്സ് സ്വീകരിച്ചതു നിറഞ്ഞ ഹർഷാരവത്തോടെ. ‘പോയിന്റ് നിമോയുടെ കൃത്യമായ കോഓർഡിനേറ്റിൽ ഇതിനു മുൻപ് ആരും എത്തിയതായി രേഖകളിലില്ല. പക്ഷേ, ഇന്ത്യയ്ക്ക് ഇനി പോയിന്റ് നിമോ എത്തിപ്പിടിക്കാൻ ആവാത്തത്ര അകലത്തല്ല. ആദ്യമായി ഒരു ഇന്ത്യൻ പായ്‌വഞ്ചി അവിടെയെത്തിയിരിക്കുന്നു. ഇന്ത്യൻ വനിതകൾ ആരെന്നും ഇന്ത്യൻ നാവിക സേനയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്നും ലോകത്തിന് ഈ യാത്ര കാട്ടിക്കൊടുത്തിരിക്കുന്നു. ഒരുമിച്ചാണു ഞങ്ങൾ അതു നേടിയത്’– ദിൽന പറഞ്ഞു.
മതിൽ പോലെ തിരകൾ; ഒറ്റപ്പെട്ട നിമിഷങ്ങൾ
സമുദ്രപരിക്രമണം പൂർത്തിയാക്കി മടങ്ങിയെത്തിയ 2 വനിതാ നാവികരുടെയും അനുഭവങ്ങളിലൂടെയുള്ള പര്യടനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഉന്നത നാവികോദ്യോഗസ്ഥരുമുൾപ്പെടെ വേദിയിലും സദസ്സിലുമുള്ളവർ ശ്രവിച്ചത് ഏറെ കൗതുകത്തോടെ. ഏഴു ജന്മങ്ങളും കഴിഞ്ഞ 8 മാസം കൊണ്ടു ജീവിച്ചുവെന്നായിരുന്നു ദിൽനയ്ക്കൊപ്പം ലോകം ചുറ്റിയെത്തിയ ലഫ്.കമാൻഡർ എ.രൂപയുടെ വാക്കുകൾ. ‘20 മീറ്റർ ഉയരത്തിൽ മതിൽ പോലെ തിരകൾ ഞങ്ങളെ വന്നിടിച്ച ദിവസങ്ങളുണ്ട്. ശാന്തമായ സമുദ്രത്തിന്റെ സൗന്ദര്യം കാട്ടിത്തന്ന മറ്റു ചില ദിവസങ്ങളും. ഒരു ദിവസം പസിഫിക് സമുദ്രത്തിന്റെ മധ്യത്തിൽ വച്ച് തരിണിയിലെ നാവിഗേഷൻ പാനലിന്റെ പ്രവർത്തനം നിലച്ചു. ജിപിഎസ്, ഓട്ടോ പൈലറ്റ് ഒന്നും തുണയ്ക്കില്ലാതെ 3 മണിക്കൂറോളം ഞങ്ങൾ കടലിൽ ഒറ്റപ്പെട്ടു. ആ 3 മണിക്കൂർ ഒരു ജീവിതകാലം പോലെയാണു ഞങ്ങൾക്ക് അനുഭവപ്പെട്ടത്. ആധുനിക ഉപകരണങ്ങൾ നൽകുന്ന സുരക്ഷിതത്വ ബോധം നൈമിഷികമാണെന്നു കൂടി ഞങ്ങൾ തിരിച്ചറിഞ്ഞു’– യാത്രയ്ക്കിടെ നേരിട്ട പ്രതിസന്ധിയുടെ പ്രതിധ്വനി രൂപയുടെ വാക്കുകളിൽ.
ഊഷ്മള വരവേൽപ്
തകർത്തു പെയ്യുന്ന മഴയിൽ കുതിർന്നു നിന്ന മഡ്‍ഗാവിലെ മോൾ ജെട്ടിയിൽ നാവികസേന 2 വനിതാ ഉദ്യോഗസ്ഥർക്കും ഊഷ്മളമായ സ്വീകരണമാണൊരുക്കിയത്. ജെട്ടിയിലേക്കുള്ള വഴിയുടെ ഇരുവശത്തും ദിൽനയുടെ രൂപയുടെയും മുഖമുള്ള കൂറ്റൻ ബോർഡുകൾ നിറഞ്ഞു. വൈകിട്ട് 5.15ന് തുറമുഖത്തേക്ക് അടുത്ത ഐഎൻഎസ്‌വി തരിണിക്കു നാവികസേനയുടെ സെയ്‌ലിങ് ബോട്ടുകളും സർഫിങ് സംഘവും കടലിൽ വരവേൽപൊരുക്കി. നാവികസേനയുടെ കമോവ്, ചേതക് ഹെലികോപ്റ്ററുകളും ഫ്ലൈ പാസ്റ്റ് ഫോർമേഷനിൽ ഇരുവർക്കും സ്വാഗതമോതി പറന്നെത്തി. മോൾ ജെട്ടിയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ മന്ത്രി രാജ്നാഥ് സിങ് ഫ്ലാഗ് ഇൻ ചടങ്ങു നിർവഹിച്ചു. പായ്‌വഞ്ചിയിൽ നിന്നിറങ്ങി മന്ത്രിക്കു മുന്നിലെത്തിയ ഇരുവരും നാവിക സാഗർ പരിക്രമ പൂർത്തിയായ വിവരം ഔദ്യോഗികമായി അറിയിച്ചു. മന്ത്രി ഇരുവരെയും അഭിനന്ദിച്ചതോടെ സ്വീകരണച്ചടങ്ങുകൾക്കു തുടക്കമായി.