കരുതൽ ജലശേഖരം: പാഠം പഠിക്കാതെ കെഎസ്ഇബി

Mail This Article
കൊച്ചി ∙ സംഭരണികളിലെ കരുതൽ ജലശേഖരം വേണ്ടവിധം ഉപയോഗിക്കാതെ കെഎസ്ഇബി വരുത്തിവയ്ക്കുന്നതു കോടികളുടെ നഷ്ടം. തുടർച്ചയായ 5 –ാം വർഷമാണു കരുതൽ ശേഖരത്തിൽ കെഎസ്ഇബിക്ക് നഷ്ടം വരുന്നത്. ആസൂത്രണത്തിലെ ഇൗ പിടിപ്പുകേട് എനർജി സർചാർജ് ആയി ഉപഭോക്താക്കളിൽ എത്തുന്നു. വൈദ്യുതിക്ക് ഏറെ വിലയുള്ള മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഈ ജലം ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ അളവു കുറയ്ക്കാനാകുമായിരുന്നു.
കാലവർഷം 10 ദിവസം വൈകിയാലും വൈദ്യുതി പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് 500 ദശലക്ഷം യൂണിറ്റ് ഉൽപാദനത്തിനുള്ള വെള്ളം കരുതുന്നത്. പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ സൗകര്യമില്ലാത്തപ്പോഴും വൈദ്യുതി കൊണ്ടുവരാൻ ശേഷിയില്ലാത്ത കാലത്തും ഇത് അനിവാര്യമായിരുന്നു.
അടുത്തകാലത്ത് 2017 ൽ മാത്രമാണു ജലവർഷത്തിന്റെ അവസാനം കരുതൽശേഖരം 500 ദശലക്ഷം യൂണിറ്റിൽ നിലനിർത്താൻ കെഎസ്ഇബിക്ക് ആയത്. തൊട്ടടുത്ത വർഷം ഇത് 1400 ദശലക്ഷം യൂണിറ്റിന് അടുത്തായിരുന്നു. കാലവർഷവും ഡാം മാനേജ്മെന്റിലെ വീഴ്ചയും ചേർന്നപ്പോൾ കേരളം ഭീകരപ്രളയം േനരിട്ടു. അന്നുണ്ടായിരുന്നതിനെക്കാൾ കൂടുതലാണ് ഡാമുകളിൽ ഇപ്പോഴുള്ളത്.
കാലവർഷം കനത്തതോടെ വൈദ്യുതി ഉപയോഗം തീരെ കുറഞ്ഞു. അധികവെള്ളം ഉപയോഗിച്ചു കൂടുതൽ ഉൽപാദനം നടത്തി വൈദ്യുതി വിൽക്കാമെന്നു വച്ചാൽ ഓപ്പൺ മാർക്കറ്റിൽ യൂണിറ്റിന് 20 പൈസ വരെ വില താഴ്ന്നു. ഇന്നലെ ശരാശരി വില 2.73 രൂപയാണ്. വേനലിൽ യൂണിറ്റിന് ശരാശരി 6 രൂപയ്ക്കാണു കെഎസ്ഇബി വൈദ്യുതി വാങ്ങിയത്.കെഎസ്ഇബിയുടെ പരമാവധി ശേഷി ഉപയോഗിച്ചാൽ 44–45 ദശലക്ഷം യൂണിറ്റ് വരെ ഉൽപാദിപ്പിക്കാം.

എന്നാൽ, ദീർഘകാല കരാറുകൾ വഴിയും കേന്ദ്ര വിഹിതമായും ലഭിക്കുന്ന വൈദ്യുതി വേണ്ടെന്നു വയ്ക്കാനാവില്ല. ഇതു വാങ്ങിയില്ലെങ്കിലും ഫിക്സഡ് ചാർജ് ആയി ശരാശരി 3 രൂപ വീതം യൂണിറ്റിനു നൽകണം. വേരിയബിൾ കോസ്റ്റ് ആയ യൂണിറ്റിന് 1.5 രൂപ മാത്രമേ ചെലവാകാതെയുള്ളൂ. അതിനാൽ ഒറ്റയടിക്കു ഉൽപാദനം കൂട്ടിയാലും ചെലവിനെക്കാൾ കുറഞ്ഞ വിലയിൽ വിൽക്കേണ്ടിവരും. വൈദ്യുതിക്ക് ഏറ്റവും ഡിമാൻഡുള്ള മാസങ്ങളിൽ ഏതാനും ദിവസങ്ങളിൽ അരമണിക്കൂറിൽ താഴെയാണു യൂണിറ്റിന് 10 രൂപ വില. പൊതുവിപണിയിൽ ഇന്നത്തെ ഏറ്റവും ഉയർന്ന നിരക്ക് 5.49 രൂപയും കുറഞ്ഞ നിരക്ക് 20 പൈസയുമാണ്.