ADVERTISEMENT

കണ്ണൂർ ∙ പുസ്തകത്തിലെ പൂമ്പാറ്റയ്ക്ക് ഏതു നിറം കൊടുക്കുമെന്നു ചോദിച്ചപ്പോൾ നിമ മിത്രയ്ക്കു മഞ്ഞ മതി. നീല വേണമെന്നായി നിയ മാൻവി. നാളെ സ്കൂളിൽ പോകാനുള്ള ഒരുക്കത്തിൽ അമ്മ ഷിൽന പുതിയ പുസ്തകങ്ങൾക്കു ചട്ടയിടുമ്പോൾ അതിലെ കൗതുകങ്ങൾ കാണുകയായിരുന്നു ഇരട്ടകൾ. തന്നെ ചേർത്തുനിർത്തി, കൂടെ നടന്ന കഥാകൃത്തും ബ്രണ്ണൻ കോളജ് അധ്യാപകനുമായിരുന്ന ഭർത്താവ് കെ.വി.സുധാകരന്റെ ഓർമകൾ കൂടിയാണീ ഇരട്ടകൾ. സുധാകരന്റെ മരണശേഷമാണ് ഷിൽന ഈ മക്കളെ ഗർഭം ധരിച്ചത്. നീണ്ടകാലം പ്രണയിച്ച് 2006ൽ ആയിരുന്നു സുധാകരന്റെയും ഷിൽനയുടെയും വിവാഹം.

കുഞ്ഞുങ്ങളുണ്ടാകാത്തതിനെത്തുടർന്ന് ഐവിഎഫ് ചികിത്സ നടക്കുന്നതിനിടെ, 2017 ഓഗസ്റ്റ് 15ന് നിലമ്പൂരിലുണ്ടായ വാഹനാപകടത്തിൽ സുധാകരൻ മരിച്ചു. ചികിത്സയ്ക്കായി സുധാകരന്റെ ബീജം ആശുപത്രിയിൽ സൂക്ഷിച്ചിരുന്നു. പാതിവഴിയിൽ തനിച്ചായെങ്കിലും, തന്റെ ജീവിതപ്പാതിയുടെ തുടിപ്പുകൾ എപ്പോഴും കൂടെ വേണമെന്നായിരുന്നു ഫെഡറൽ ബാങ്ക് പുതിയതെരു ബ്രാഞ്ച് മാനേജരായ ഷിൽനയുടെ ആഗ്രഹം. അങ്ങനെയാണു സുധാകരന്റെ മരണശേഷം ഐവിഎഫ് ചികിത്സ തുടരാൻ ഷിൽന തീരുമാനിച്ചത്. 2018 സെപ്റ്റംബർ 13നു ഇരട്ടക്കുട്ടികൾക്കു ഷിൽന ജന്മം നൽകി. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസിലാണു നിയയും നിമയും ചേർന്നത്. ഇവിടത്തെ നഴ്സറിയിൽത്തന്നെയായിരുന്നു ഇരുവരും പഠിച്ചിരുന്നത്.

പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം കലവൂരിൽ; അരമണിക്കൂർ വൈകിട്ട് നാലുമുതൽ

തിരുവനന്തപുരം ∙ മധ്യവേനൽ അവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവ.എച്ച്എസ്എസിൽ നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നവാഗതരായ കുട്ടികളെ മന്ത്രി വി.ശിവൻകുട്ടി സ്വീകരിക്കും.സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിലെ പ്രവൃത്തി സമയം അര മണിക്കൂർ കൂട്ടുന്നത് വൈകുന്നേരം മാത്രമാക്കുന്നത് സർക്കാർ പരിഗണിക്കുന്നു. രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം വർധിപ്പിക്കാനായിരുന്നു തീരുമാനം. ഈ രീതിയിലാകുമ്പോൾ ഹൈസ്കൂളിനൊപ്പം യുപി സ്കൂളുകളും പ്രവർത്തിക്കുന്നിടങ്ങളിൽ സ്കൂൾ വാഹനങ്ങൾ ക്രമീകരിക്കുന്നതിലും രാവിലത്തെ അസംബ്ലി സംഘടിപ്പിക്കുന്നതിലും ബുദ്ധിമുട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് 10 മുതൽ നാലര വരെ ക്ലാസ് നടത്തുന്നത് ആലോചിക്കുന്നതെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 

English Summary:

Kannur Twins Start School: Legacy of a Father, Strength of a Mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com