2018ലെ പ്രളയ സഹായവാഗ്ദാനം: വ്യവസ്ഥയുണ്ടായിട്ടും തടസ്സമായത് കേന്ദ്ര നിലപാട്

Mail This Article
ന്യൂഡൽഹി ∙ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്സിആർഎ) കുരുക്കില്ലാതെ ദുരന്തഘട്ടങ്ങളിൽ സംസ്ഥാനങ്ങൾക്ക് വിദേശസഹായം സ്വീകരിക്കാനാകുമെങ്കിലും 2018ൽ ഈ വ്യവസ്ഥ കേരളത്തിനു തുണയായില്ല. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ദേശീയ ദുരന്ത നിവാരണ പദ്ധതിയിലാണ് ഇത്തരത്തിൽ സഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥയുള്ളത്. പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് ഈ വ്യവസ്ഥയും തുണയായില്ല. കേന്ദ്ര നിലപാട് തടസ്സമായതായിരുന്നു കാരണം. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കു വിദേശ സംഭാവന സ്വീകരിക്കാൻ വഴിയൊരുക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം കേരളത്തോടുള്ള വിവേചനമാണെന്ന ആരോപണങ്ങൾക്കിടെയാണ് ദേശീയ ദുരന്ത നിവാരണ പദ്ധതിയിലെ വ്യവസ്ഥ ചർച്ചയാകുന്നത്.
2016 ലെ ദേശീയ ദുരന്ത നിവാരണ പദ്ധതിയുടെ 9–ാം അധ്യായത്തിലെ (രാജ്യാന്തര സഹകരണം) 2–ാം ഉപവകുപ്പനുസരിച്ച്, വിദേശ സഹായം സ്വീകരിക്കുന്നത് നയപരമായ കാര്യമാണ്. ദുരന്തസാഹചര്യത്തിൽ വിദേശസഹായത്തിന് കേന്ദ്രസർക്കാർ അഭ്യർഥിക്കില്ല. എന്നാൽ, ദുരന്തബാധിതരോട് ഐക്യദാർഢ്യം അറിയിച്ച് വിദേശ രാജ്യം സ്വമേധയാ നൽകുന്ന സഹായവാഗ്ദാനം കേന്ദ്രത്തിന് സ്വീകരിക്കാം. സഹായം അവലോകനം ചെയ്യേണ്ടതും അത് എത്തിക്കാൻ നടപടിയെടുക്കേണ്ടതും വിദേശകാര്യ മന്ത്രാലയമാണ്. സംസ്ഥാനവുമായുൾപ്പെടെ ഏകോപനം നടത്തേണ്ടത് ആഭ്യന്തര മന്ത്രാലയമാണെന്നും വ്യവസ്ഥയിൽ പറയുന്നു.
2018 ൽ കേരളത്തിന് യുഎഇ, ഖത്തർ, മാലദ്വീപ്, തായ്‌ലൻഡ് സർക്കാരുകളിൽ നിന്നു സഹായവാഗ്ദാനമുണ്ടായെങ്കിലും തുടർനടപടികളുണ്ടായില്ല. യുഎഇ സർക്കാർ നേരിട്ടു കേരളത്തെ സഹായിക്കുന്നതിനു മാത്രമായിരുന്നു സാങ്കേതിക തടസ്സമെന്നും ഫൗണ്ടേഷനുകൾ വഴിയോ പ്രവാസികൾ വഴിയോ സഹായം ലഭ്യമാക്കുന്നതിന് തടസ്സമില്ലായിരുന്നെന്നുമാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വാദിക്കുന്നത്.