മുങ്ങിയ കപ്പലിലെ മാലിന്യം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെയും ജൈവവൈവിധ്യത്തെയും ബാധിക്കും: എൻജിടി

Mail This Article
ന്യൂഡൽഹി∙ കൊച്ചിയിലെ പുറങ്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽനിന്നു പരന്ന മാലിന്യം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെയും ജൈവവൈവിധ്യത്തെയും ഗുരുതരമായി ബാധിക്കുമെന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) മുന്നറിയിപ്പ്. തിരമാല, കാറ്റ്, കപ്പൽ മുങ്ങിയതിനെത്തുടർന്ന് കടലിൽ നടത്തിയ ഇടപെടലുകൾ എന്നിവ കാരണം മലിനവസ്തുക്കൾ ലക്ഷദ്വീപ് ഉൾപ്പെടെ രാജ്യത്തിന്റെ മറ്റു തീരദേശ ഭാഗങ്ങളിലേക്ക് വ്യാപിക്കാമെന്ന് ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അധ്യക്ഷൻ പ്രകാശ് ശ്രീവാസ്തവയാണു മുന്നറിയിപ്പു നൽകിയത്. ദ് ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയ്സ്) തയാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻജിടി സ്വമേധയാ കേസെടുത്തിരുന്നു.
മുങ്ങിപ്പോയ എംഎസ്‌സി എൽസ 3 കപ്പലിലെ കണ്ടെയ്നറുകൾ 48 മണിക്കൂറിനുള്ളിൽ ആലപ്പുഴ, കൊല്ലം തീരങ്ങളിലേക്കു നീങ്ങാൻ സാധ്യതയുണ്ടെന്ന പ്രാഥമിക റിപ്പോർട്ടാണ് ഇൻകോയ്സ് നൽകിയത്. കപ്പലിലെ 13 കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന അപകടകരമായ ചരക്കിനെക്കുറിച്ചു കപ്പലുടമ കൂടുതൽ വ്യക്തമാക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും എൻജിടി പറഞ്ഞു. 640 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്നും അതിൽ 13 എണ്ണത്തിൽ ഹാനികരമായ രാസവസ്തുക്കളും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡുമായിരുന്നുവെന്നുമാണ് എൻജിടിയുടെ പക്കലുള്ള വിവരം.
കപ്പലിൽ കാൽസ്യം കാർബൈഡ്, എണ്ണ, വെളിപ്പെടുത്താത്ത അപകടകരമായ വസ്തുക്കൾ എന്നിവയുള്ളതിനാൽ സമുദ്ര, തീരദേശ പരിസ്ഥിതിയുടെ ജൈവവൈവിധ്യത്തെയും ജലശുദ്ധിയെയും ഗുരുതരമായി ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും എൻജിടി നൽകുന്നു. ജൈവവൈവിധ്യ നിയമം, ജല മലിനീകരണ നിയന്ത്രണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയുടെ ലംഘനമുണ്ടായെന്നും എൻജിടി ചൂണ്ടിക്കാട്ടി.
പരിസ്ഥിതി, തുറമുഖ മന്ത്രാലയങ്ങൾ മറുപടി നൽകണം
കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ മലിനീകരണ ആശങ്കയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും തുറമുഖ മന്ത്രാലയവും ഉൾപ്പെടെ പ്രതികരണം അറിയിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചു. കേസിൽ കക്ഷി ചേർത്ത കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, കേരളത്തിലെയും ലക്ഷദ്വീപിലെയും മലിനീകരണ നിയന്ത്രണ ബോർഡുകൾ, കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ, ഇൻകോയ്സ് എന്നിവർക്കും നോട്ടിസയച്ചു. ഈ മാസം 24നു മുൻപ് മറുപടി നൽകണം. കേസ് 30നു പരിഗണിക്കാനായി മാറ്റി.