തൊണ്ടിയായി കോടതി കൈമാറിയ സൈക്കിൾ പൊലീസുകാരൻ കടത്തിയെന്ന് ആരോപണം

Mail This Article
തൊടുപുഴ ∙ മുട്ടം കോടതി തൊണ്ടിമുതലായി ഏൽപിച്ച സൈക്കിളുമായി തൊടുപുഴ സ്റ്റേഷനിലെ പൊലീസുകാരൻ മുങ്ങി. കഴിഞ്ഞ 5നു തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ തൊണ്ടിക്കുഴ സ്വദേശിയുടെ വീട്ടിൽ നിന്നു 40 കിലോ ഒട്ടുപാലും 17,000 രൂപ വിലയുളള സൈക്കിളും മോഷണം പോയിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിൽ സൈക്കിളും ഒട്ടുപാലും കണ്ടെടുത്തു. സൈക്കിൾ തൊടുപുഴ സ്റ്റേഷനിൽ സൂക്ഷിക്കാൻ കോടതി ചുമതലപ്പെടുത്തി.
ഉടമ സൈക്കിൾ കൈപ്പറ്റാനായി സ്റ്റേഷനിൽ എത്തിയപ്പോഴാണു സൈക്കിൾ കാണാതായ വിവരമറിഞ്ഞത്. സ്റ്റേഷനിൽനിന്നു സൈക്കിൾ കടത്തിയത് ആരാണെന്നറിയാൻ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണു പൊലീസുകാരന്റെ തനിനിറം പുറത്തായത്. ഭരണാനുകൂല സംഘടനയുടെ നേതാവാണ് ആരോപണവിധേയൻ. പിന്നീടു സംഭവം ഒത്തുതീർപ്പാക്കാനുള്ള ശ്രമമായി. ഞായറാഴ്ച രാത്രി സൈക്കിൾ സ്റ്റേഷനിൽ എത്തിച്ചു. ഈ ദൃശ്യം ക്യാമറയിൽ പതിയാതിരിക്കാൻ ഏറെ പണിപ്പെട്ടാണു തൊണ്ടിമുതൽ മടക്കിയെത്തിച്ചത്.