സ്കൂൾ നിയമനക്കേസിലെ വിജയം: സുകുമാരൻ നായർക്ക് അഭിനന്ദനം

Mail This Article
ചങ്ങനാശേരി ∙ കേരളത്തിൽ എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള എയ്ഡഡ് സ്കൂളുകളിൽ നടത്തിയ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടിയതിനു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കു ബജറ്റ് സമ്മേളനത്തിൽ പ്രതിനിധികളുടെ അഭിനന്ദനം. ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തത് ഒഴികെയുള്ള തസ്തികകളിലെ നിയമനത്തിനാണ് അംഗീകാരം. 2021 മുതൽ നിയമിക്കപ്പെട്ട അധ്യാപകർക്കും അനധ്യാപകർക്കും ശമ്പളം ലഭിക്കാത്ത അവസ്ഥയ്ക്കാണ് ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിഹാരം കണ്ടതെന്നും സമ്മേളനം വിലയിരുത്തി.
എൻഎസ്എസിന്റെ നിയമവിദഗ്ധർ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് അനുകൂല വിധി നേടാൻ കഴിഞ്ഞതെന്ന് ജി.സുകുമാരൻ നായർ മറുപടി പറഞ്ഞു. വിധി വഴി 28 അധ്യാപകർക്കും 7 അനധ്യാപകർക്കും നിയമനം നടത്താൻ സാധിച്ചു. കരമന എംഎംആർ ഹയർ സെക്കൻഡറി സ്കൂളിൽ സൈനിക സ്കൂൾ ആരംഭിക്കുന്നതിലും സമ്മേളനം അഭിനന്ദനം അറിയിച്ചു. സ്കൂളിൽ ഈ വർഷം തന്നെ പ്രവേശനം ആരംഭിക്കും. 60 ശതമാനം മാനേജ്മെന്റ് സീറ്റും 40 ശതമാനം മെറിറ്റ് സീറ്റുമാണ്. എൻഎസ്എസ് ആരംഭിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്കും സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. പദ്ധതി തുടരുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
വനിതാ സ്വയംസഹായ സംഘങ്ങൾ: 4000 കോടി ലക്ഷ്യമിട്ട് എൻഎസ്എസ്
-
Also Read
ജെപിപിഎം: അൻവറിന്റെ മുന്നണി
വനിതകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് എൻഎസ്എസ് ആരംഭിച്ച വനിതാ സ്വയംസഹായ സംഘങ്ങളുടെ ക്രയവിക്രയം 3,892 കോടി. ഈ വർഷം 4000 കോടി രൂപയാണ് എൻഎസ്എസ് ബജറ്റിൽ ലക്ഷ്യമിടുന്നത്. 19,508 സ്വയം സഹായ സംഘങ്ങളിൽ 360 ലക്ഷം വനിതകൾ അംഗങ്ങളാണ്. സ്വയംസഹായ സംഘങ്ങൾ 20,000 ആക്കി വർധിപ്പിക്കും. കാർഷികമേഖലയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും കൃഷി വർധിപ്പിക്കുന്നതിനുമായി 2 താലൂക്ക് യൂണിയൻ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ആരംഭിച്ചു. 20 താലൂക്ക് യൂണിയനിൽ കൂടി ഓർഗനൈസേഷൻ ആരംഭിക്കും. പുതിയതായി 50 പത്മ കഫേകൾ ആരംഭിക്കും.
എൻഎസ്എസ് ബജറ്റ്: പുതിയ വർക്കിങ് വിമൻസ് ഹോസ്റ്റലുകൾക്ക് 5 കോടി
നടപ്പുസാമ്പത്തിക വർഷം 165 കോടി രൂപ വരവും അത്രയും തുക ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിച്ചത്. സാമൂഹിക സേവന പദ്ധതികൾക്കും വികസനത്തിനും ബജറ്റ് മുൻതൂക്കം നൽകുന്നു. ബജറ്റ് സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിച്ചു. മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് ബജറ്റ് സമ്മേളനം തുടങ്ങിയത്.
ബജറ്റിലെ മറ്റ് പ്രധാന നിർദേശങ്ങൾ
∙ വിവിധ മരാമത്ത് ജോലികൾ: 5 കോടി രൂപ.
∙ സ്കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ: 50 ലക്ഷം.
∙ തോട്ടങ്ങളിൽ പുതിയ കൃഷികൾ ആരംഭിക്കൽ: ഒരു കോടി.
∙ ഭവന നിർമാണ ധനസഹായം: ഒരു കോടി 30 ലക്ഷം.
∙ വിദ്യാഭ്യാസ ധനസഹായം: 90 ലക്ഷം.
∙ വിവാഹ ധനസഹായം: 55 ലക്ഷം.
∙ കരയോഗങ്ങളിലെ ആധ്യാത്മിക പഠന കേന്ദ്രങ്ങൾക്ക് ഗ്രാന്റ്: 50 ലക്ഷം
∙ സ്കോളർഷിപ്പുകൾ: 3.50 ലക്ഷം
∙ എൻഡോവ്മെന്റുകൾ: 2.50 ലക്ഷം
∙ ആറ്റിങ്ങലും പനത്തടിയിലും പുതിയ വർക്കിങ് വിമൻസ് ഹോസ്റ്റൽ: 5 കോടി.
∙ വസ്തുക്കളുടെ സംരക്ഷണ പ്രവൃത്തികൾ: 2 കോടി.
∙ എയ്ഡഡ് സ്കൂളുകളുടെ അറ്റകുറ്റപ്പണി: 70.50 ലക്ഷം.
∙ കോളജ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി: 2.16 കോടി.
∙ ശ്രീപത്മനാഭ തന്ത്രവിദ്യാപീഠം: 12 ലക്ഷം.
ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ 9 പേർ കൂടി
എൻഎസ്എസിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ ഒഴിവുകളിലേക്ക് 9 അംഗങ്ങളെ തിരഞ്ഞെടുത്തു. എൻഎസ്എസിന്റെ ഉന്നതാധികാര സമിതിയാണ് നായകസഭയെന്നു കൂടി പേരുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ്. എൻഎസ്എസ് വൈസ് പ്രസിഡന്റ് കൂടിയായ എം.സംഗീത് കുമാർ ഉൾപ്പെടെ 9 പേരെയാണ് തിരഞ്ഞെടുത്തത്. കോഓപ്റ്റായി ഒരു അംഗത്തെയും ഇത്തവണ ഉൾപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ടവർ: എം.സംഗീത്കുമാർ (തിരുവനന്തപുരം), ജി.മധുസൂദനൻപിള്ള (ചിറയിൻകീഴ്), കെ.ആർ.ശിവൻകുട്ടി (പന്തളം), വി.വിജുലാൽ (കാർത്തികപ്പള്ളി), മാടവന ബാലകൃഷ്ണപിള്ള (കോട്ടയം), കെ.പി.നാരായണപിള്ള (കുട്ടനാട്), എം.പി.ഉദയഭാനു (തലശ്ശേരി), ഹരിദാസ് ഇടത്തിട്ട (പത്തനംതിട്ട), ഡോ. കെ.ബി.ജഗദീഷ് (അടൂർ). കോ ഓപ്റ്റ് അംഗം ബി.ചന്ദ്രശേഖരൻനായർ (കാട്ടാക്കട).